ജുബൈലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ സഫിയ എന്ന അഞ്ചുവയസുകാരിയെ നാട്ടിലെത്തിച്ചു
Monday, March 7, 2016 7:00 AM IST
ജുബൈല്‍: ഉംറ നിര്‍വഹിച്ചു മടങ്ങവേ വാഹനപകത്തില്‍ പെട്ട് ജുബൈല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബാലികയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു.

ഫെബ്രുവരി ആറിനു ശുവായ അല്‍ റഫിയ ഹൈവയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ഒരു മാസക്കാലമായി ജുബൈല്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ വെന്റിലെറ്ററില്‍ കഴിയുകയായിരുന്നു തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ മുജീബ് റഹ്മാന്‍-ഹസീന ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകള്‍ സഫിയ ഹസീന ആണ് കഴിഞ്ഞ ദിവസത്തെ ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചത്.

തലയ്ക്ക് സാരമായ പരിക്കേറ്റ സഫിയക്ക് വിദഗ്ധ ചികിത്സക്ക് വിധേയമാക്കുന്നതിനായാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നു സഹായവുമായി രംഗത്തുണ്ടായിരുന്നു ഐസിഎഫ് സാന്ത്വനം വോളന്റിയര്‍മാര്‍ പറഞ്ഞു.

ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ അധികാരികള്‍ അനുവദിച്ചു നല്‍കിയ സ്റാഫ് നഴ്സ് പ്രദീപിന്റെ സഹായത്താലാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഉടനെ തന്നെ ചികിത്സാ ആരംഭിച്ചതായും സാന്ത്വനം ഭാരവാഹികള്‍ അറിയിച്ചു.

മുജീബിന്റെ കുടുംബത്തോടൊപ്പം കൂടെ ജോലി തമിഴ്നാട്ടുകാരനായ ഖാദര്‍ ബച്ചയും ഉംറ നിര്‍വഹിക്കാന്‍ പോകവേ, ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ എതിരെ വന്ന ട്രയിലറിനു സൈഡുകൊടുക്കവെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഖാദര്‍ ബച്ച കഴിഞ്ഞ ദിവസം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

ഹസീനയെ നാട്ടിലെത്തിക്കുന്നതിനും ഖാദര്‍ ബച്ചയുടെ മൃതദേഹം നിയമനടപടി പൂര്‍ത്തീകരിച്ച് ഖബറടക്കുന്നതിനും സാന്ത്വനം പ്രവര്‍ത്തകരായ നിജാം വൈക്കം, അബ്ദുല്‍ സലാം കായകൊടി, ആസിഫ് ആലപ്പുഴ, അസ്ലം ബീമാ പള്ളി, സബീര്‍ കരുനാഗപള്ളി, അന്‍സര്‍ കൊട്ടുകാട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം