ഫാസിസ്റ് തേര്‍വാഴ്ചക്കെതിരേ വെല്‍ഫെയര്‍ കേരള ജനാധിപത്യ സംരക്ഷണ സംഗമം
Monday, March 7, 2016 6:57 AM IST
ഫഹാഹീല്‍: രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ മുഴുവന്‍ ജാനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് ദളിത് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനാതിപത്യ വിശ്വാസികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 'സംഘപരിവാര്‍ ഫാസിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഫാസിസ്റ് തേര്‍വാഴ്ചയ്ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി.

ഫഹാഹീല്‍ യൂണിറ്റി സെന്റെറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

ഭരണകൂടത്തിന്റെ ഒത്താശയോടെ ഫാസിസ്റ് ശക്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് വലിച്ചിഴക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്നു സംഗമത്തില്‍ വിഷയാവതരണം നടത്തിയ വെല്‍ഫെയര്‍ കേരള കുവൈത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഹസനുല്‍ ബന്ന പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിച്ചു സിലബസുകളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ ഉന്നത കലാലയങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും പിടി മുറുക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രോഹിത്ത് വെമുല തന്റെ അവസാന വാക്കുകളിലൂടെ കൊളുത്തിവിട്ട സമരാഗ്നി രാജ്യത്തെ വിപ്ളവ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘങ്ങളും ഏറ്റെടുത്തതു ഫാസിസ്റ് ശക്തികള്‍ക്കു ഇന്ത്യ കീഴടങ്ങില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അരക്ഷിതാവസ്ഥയില്‍നിന്നു മോചിപ്പിച്ചു കൃത്യമായ ഭരണ ഘടനയുണ്ടാക്കാന്‍ മുന്നില്‍ നിന്നത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഫാസിസ്റ് ശക്തികള്‍ക്ക് ഒരിക്കലും രാജ്യത്തെ തീറെഴുതികൊടുക്കില്ലെന്നും കൃഷ്ണന്‍ കടലുണ്ടി പറഞ്ഞു.

കെട്ടിച്ചമച്ച കേസുകളുണ്ടാക്കി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും സവര്‍ണ ലോബിയിംഗിലൂടെ കാമ്പസുകളില്‍ ഫാസിസ്റ് ചിന്താഗതി വളര്‍ത്തുകയും ചെയ്യുന്നത് യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് അബ്ദുല്‍ ഫത്താഹ് തൈയില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദരിദ്രപരകോടികളുടെ അടിസ്ഥാനാവശ്യങ്ങള്‍ പോലും പരിഗണിക്കാതെ അന്ധമായ ദേശീയ വികാരം ഉയര്‍ത്തിവിടുകയാണു ഫാസിസ്റ് ശക്തികളുടെ ശ്രമമെന്നു മനോജ്കുമാര്‍ ഉദയപുരം പറഞ്ഞു.

ജനാധിപത്യ ഇന്ത്യയില്‍ സംഘപരിവാര്‍ അതിക്രമങ്ങളിലുള്ള ആശങ്ക താല്കാലികമാണന്നും ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയില്‍നിന്നു മോചനം നേടിയ ചരിത്രം മുമ്പിലിരിക്കേ ഒരു ഫാഷിസത്തിനും ഇന്ത്യ കീഴടങ്ങില്ല എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്നും അസീസ് തിക്കോടി സൂചിപ്പിച്ചു.

മോദി സര്‍ക്കാരിനു ജനങ്ങളുടെ കാര്യത്തിലല്ല കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതിലാണു ജാഗ്രതയെന്നും വര്‍ഗീയതയ്ക്കെതിരേ നിരന്തരം ശബ്ദിക്കുകയും മതേതര കൂട്ടായ്മകള്‍ രൂപപ്പെടുകയും വേണമെന്നു സക്കീര്‍ ഹുസൈന്‍ തുവൂര്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ്, ജനറല്‍ സെക്രട്ടറി ലായിക് അഹമ്മദ്, പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ബാബു, മുഹമ്മദ് റിയാസ്, സത്താര്‍ കുന്നില്‍, സഫീര്‍ പി ഹാരിസ്, കൃഷ്ണദാസ് എന്നിവരും പ്രസംഗിച്ചു.

സംഗമത്തില്‍ വെല്‍ഫെയര്‍ കേരള മീഡിയ കണ്‍വീനര്‍ ജസീല്‍ തയാറാക്കിയ ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍