നവയുഗം ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം ഡോ. സിദ്ദിഖ് അഹമ്മദിന്
Monday, March 7, 2016 6:52 AM IST
ദമാം: പ്രവാസ മണ്ണില്‍ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം ചുറ്റുമുള്ള അപരര്‍ക്കുവേണ്ടി കൂടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാന്‍ മടികാണിക്കാത്ത, സൌദിയിലെ പ്രവാസിസമൂഹത്തിലെ സജീവ സാന്നിധ്യമായ ഡോ. സിദ്ദീഖ് അഹമ്മദിനെ പ്രഥമ ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിനു തെരഞ്ഞെടുത്തു. ഏപ്രിലില്‍ ദമാമില്‍ നടക്കുന്ന പൊതുചടങ്ങില്‍ കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.എന്‍. ജയദേവന്‍ എം.പി. അവാര്‍ഡു സമ്മാനിക്കും.

ഒരു വ്യവസായി എന്നതിനപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയോടെ തന്റെ കര്‍മമേഖലകളെ അദ്ദേഹം ചിട്ടപ്പെടുത്തി. ജീവകാരുണ്യ രംഗത്തും കലാ കായിക വിദ്യാഭ്യാസ രംഗത്തും നിഷ്കളങ്ക മനസോടെ അദ്ദേഹം ഇന്നും കര്‍മനിരതനാണ്. തടവറയിലെ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കിയ 'സ്വപ്ന സാഫല്യം' പ്രവാസികള്‍ക്ക് വിസ്മരിക്കാനാവില്ല. ജീവിത നിസാരതയെ ബോധ്യപ്പെടുത്തിയ ചെന്നൈയിലെ പ്രളയകാലത്ത് ദുരിതാശ്വാസവുമായി എത്തി അദ്ദേഹം ഒരിക്കല്‍ കൂടി നമുക്ക് അഭിമാനമായി. കാല്‍പന്തുകളിയുടെ മാമാങ്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കായികരംഗത്തിന്റെ താങ്ങായി അദ്ദേഹം ഇന്നും നില്‍ക്കുന്നു. പി.യു. ചിത്രയെപോലുള്ള കായികതാരങ്ങള്‍ക്ക് പ്രോത്സാഹനമായി ഒപ്പം നിന്നു. ഇങ്ങനെ അനവധി കൈവഴികളിലൂടെ സിദ്ദീഖ് അഹമ്മദിന്റെ ജീവിതം ഒഴുകുകയാണ്. ഈ യാഥാര്‍ഥ്യങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് അദ്ദേഹത്തെ നവയുഗം അവാര്‍ഡ് കമ്മിറ്റി ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് നവയുഗം പ്രതിവര്‍ഷം നല്‍കിവരാറുള്ള അവാര്‍ഡിന് ഇത്തവണ ഗോവിന്ദ് ബന്‍സാരയുടെ പേര് നല്‍കുകയായിരുന്നു.

കാലത്തിന്റെ കണ്ണാടിക്കൂടുകളില്‍ കെട്ടുകഥകളുടെ അസ്ഥിപഞ്ജരങ്ങളെ ചരിത്രമായി കുടിയിരുത്താന്‍ ശ്രമിച്ച വികല മനസുകള്‍ക്ക് കാലപഥങ്ങളുടെ നിത്യ സത്യങ്ങളെ തെളിയിച്ചെഴുതി വര്‍ത്തമാനത്തെ വിഴുങ്ങാനത്തിെയ ഇരുട്ടിലേക്കു പ്രതീക്ഷയുടെ പ്രകാശം പരത്താന്‍ തുനിഞ്ഞ വിപ്ളവപോരാളിയാണു ഗോവിന്ദ് പന്‍സാര.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം