ഹിമാലയ എയര്‍ലൈന്‍സ് ദോഹ സര്‍വീസ് ഏപ്രില്‍ 12ന്
Thursday, March 3, 2016 8:17 AM IST
ദോഹ: നേപ്പാള്‍- ചൈന സംയുക്ത സംരംഭമായ ഹിമാലയ എയര്‍ലൈന്‍സിന്റെ ദോഹ സര്‍വീസ് ഏപ്രില്‍ 12ന് ആരംഭിക്കുമെന്നു കമ്പനിയുടെ കൊമേഴ്ഷ്യല്‍ ജനറല്‍ മാനേജര്‍ രാജു ബഹാദുര്‍ കെ.സി. അറിയിച്ചു.

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്നു ദോഹയിലേക്കു നിത്യേന സര്‍വീസ് നടത്തുന്ന വിമാനത്തില്‍ എട്ടു ബിസിനസ് ക്ളാസ് സീറ്റുകളും 150 ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുക.
കാഠ്മണ്ഡുവില്‍നിന്നു രാത്രി എട്ടിനു പുറപ്പെടുന്ന വിമാനം രാത്രി 10.30നു ദോഹയിലെത്തും. ദോഹയില്‍നിന്നു രാത്രി 11.30 നു പുറപ്പെടുന്ന വിമാനം പിറ്റേന്നു രാവിലെ 7.15നാണു കാഠ്മണ്ഡുവില്‍ എത്തുക.

ഹിമാലയ എയര്‍ലൈന്‍സിന്റെ ജനറല്‍ സെയില്‍സ് ഏജന്റായി ഖത്തറിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 40 വര്‍ഷത്തിലധികം പരിചയമുള്ള ക്ളിയോപാട്ര ട്രാവല്‍സിനെ നിശ്ചയിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.

ക്ളിയോപാട്ര ട്രാവല്‍സ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഹിമാലയ എയര്‍ലൈന്‍സും ക്ളിയോപാട്ര ട്രാവല്‍സും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഹിമാലയ എയര്‍ലൈന്‍സിനുവേണ്ടി കമ്പനിയുടെ കൊമേഴ്ഷ്യല്‍ ജനറല്‍ മാനേജര്‍ കെ.സി. രാജു ബഹാദുറും ക്ളിയോപാട്ര ട്രാവല്‍സിനുവേണ്ടി കമ്പനി മാനേജിംഗ് ഡയറക്ടര്‍ യൂസുഫ് അബ്ദുള്ള അല്‍സായുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഹിമാലയ എയര്‍ലൈന്‍സ് കൊമേഴ്സ്യല്‍ സീനിയര്‍ മാനേജര്‍ ദുര്‍ഗേഷ് ആര്‍. ദലി, ക്ളിയോപാട്ര ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഖലീഫ അല്‍ സായ്, കോമേഴ്ഷ്യല്‍ മാനേജര്‍ റിയാസ് മുഖ്താര്‍, ജിഎസ്എ അഫയേര്‍സ് ആന്‍ഡ് ഫിനാന്‍സ് മാനേജര്‍ ഉമ്മന്‍ എം. കുര്യന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.