റിയാദില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടു മുമ്പു പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു
Thursday, March 3, 2016 5:07 AM IST
ദമാം: റിയാദില്‍ വിമാനം ഇറക്കുന്നതിനു തൊട്ടു മുമ്പ് പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ന്നു സഹ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെ ഇറക്കി. ചൊവ്വാഴ്ച വൈകുന്നേരം ബീഷയില്‍ നിന്നും റിയാദിലേക്കു വന്ന സൌദി എയര്‍ ലൈന്‍സ് 1734 നമ്പര്‍ വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുന്നതിന്റെ തൊട്ടു മുമ്പാണ് പൈലറ്റ് വലീദ് മുഹമ്മദ് അല്‍മുഹമ്മദിനു ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നു സഹപൈലറ്റ് വിമാന സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കിയതിനാല്‍ യാതൊരു അനിഷ്ട സംഭവുമുണ്ടായില്ലന്ന് സൌി എയര്‍ലൈന്‍സ് മേധാവി എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസിര്‍ അല്‍നാസിര്‍ അറിയിച്ചു.

പൈലറ്റിനു ഹൃദയാഘാതം സംഭവിച്ച ഉടന്‍ വിമാനത്തിന്‍െ നിയന്ത്രണം സഹ പൈലറ്റ് റാമി ഗാസി ഏറ്റെടുക്കുകയും വിമാനത്താവള അധികൃതര്‍ക്കു വിവരം നല്‍കുകയും ചെയ്തു. തുടര്‍ന്നു വിമാനത്താവളത്തിനു അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും എന്തും നേരിടുന്നതിനു ആംബുലന്‍സും മറ്റു മെഡിക്കല്‍ ടീമുകളേയും ഒരുക്കുകയും ചെയ്തു. വിമാനം താഴെ ഇറക്കിയ ഉടന്‍ ഡോക്ടര്‍മാര്‍ വിമാനത്തിനു അകത്ത് കയറി പൈലറ്റിനെ പരിശോധിച്ചെങ്കിലും അതിനോടകം പൈലറ്റ് മരിച്ചിരുന്നു. സഹ പൈലറ്റിനു നല്‍കിയ മികച്ച പരിശീലനമാണു വിമാനം സുരക്ഷിതമായി താഴെ ഇറക്കാന്‍ സഹായിച്ചതെന്നു സൌദി എയര്‍ ലൈന്‍സ് മേധാവി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം