യൂത്ത് ഇന്ത്യ യുവജന സന്ധ്യ സംഘടിപ്പിച്ചു
Tuesday, March 1, 2016 8:26 AM IST
അല്‍കോബാര്‍: ഇന്ത്യാ രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും വിവിധ മേഖലകളിലെ ഫാസിസ്റ് കൈയേറ്റങ്ങള്‍ക്കും എതിരെ 'പ്രതിരോധത്തിന്റെ ഒത്തിരിപ്പ്' എന്ന തലക്കെട്ടില്‍ അല്‍കോബാര്‍ യൂത്ത് ഇന്ത്യ യുവജന സന്ധ്യ സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. അധികാരമുള്ള ഫസിസം ഏറ്റവും അപകടകരമാണെന്നും വര്‍ഗീയ ധ്രുവീകരണത്തിലൂടെ നാള്‍ക്കുനാള്‍ ഫസിസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഫാസിസത്തിനെതിരായ വിപുലമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതു അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷമീര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എം. നജീബ് (ഒഐസിസി), കുഞ്ഞിമുഹമ്മദ് കടവനാട് (കെഎംസിസി), ആമേന്‍ വി. ചൂനൂര്‍ (യൂത്ത് ഇന്ത്യ), വിജയകുമാര്‍ (പ്രവാസി), പി.ടി. റഷീദ് (തനിമ), ശംഷാദ് (ഫോക്കസ്) എന്നിവര്‍ സംസാരിച്ചു. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റുഡന്റ്സ് അസോസിയഷന്‍ നേതാവുമായ വിജേഷ്, എം.കെ. പ്രേംകുമാര്‍, ജെഎന്‍യുവില്‍നിന്ന് ആക്ഷന്‍ കൌണ്‍സില്‍ അംഗം വസീം തുടങ്ങിയവര്‍ പരിപാടിക്ക് ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കാമ്പയിന്‍ കണ്‍വീനര്‍ മുഹമ്മദ് സഫുവാന്‍ വിഷയം അവതരിപ്പിച്ചു. ജാഫര്‍ മുഹമ്മദ്, ഹിഷാം എന്നിവര്‍ പ്രസംഗിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാംസ്കാരിക,സാമൂഹിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സംഗമത്തില്‍ കവികളായ സയിദ് ഹമദാനി, റൌഫ് ചാവക്കാട്, ഹര്‍ഷദ്, നയിം ചേന്ദമംഗല്ലുര്‍, കരീം ആലുവ തുടങ്ങിയവര്‍ കവിത ആലപിച്ചും ചിത്രകാരന്മാരായ ഷബീര്‍ കേച്ചേരി, അസ്ഹറുദ്ദീന്‍, മുനീര്‍, ഷഫീഖ്, അതുല്‍, നൌഷാദ്, നിസാര്‍ തുടങ്ങിയവര്‍ ചിത്രം വരച്ചും സര്‍ഗാത്മക പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ശജീര്‍ ചേന്ദമംഗല്ലുര്‍ അവതരിപ്പിച്ച ഏകാംഗ നാടകവും റമീസും സംഘവും അവധരിപ്പിച്ച ലഘു നാടകവും ഷബീറും സംഘവും അവധരിപ്പിച്ച ചങ്ങാതി എന്ന ആവിഷ്കാരവും ശ്രദ്ധേയമായി. മതേതര ഇന്ത്യയുടെയും ഫാസിസ്റ് ഇന്ത്യയുടെയും നേട്ടകോട്ടങ്ങള്‍ പ്രതിപാദിക്കുന്ന കൊളാഷ് പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ചു നടന്നു.

ഫാസിസ്റ് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എഴുത്തുകാരായ എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരേ, പശു മാംസം കൈവശം വെച്ചെന്നാരോപിച്ച് കൊലചെയ്യപ്പെട്ട അഖ്ലാക്ക്, ജാതി വിവേചനത്തോടു പ്രതിഷേധിച്ച് ആത്മാഹുതി ചെയ്ത രോഹിത് വെമുല എന്നിവരോടുള്ള ആദരസൂചകമായി ഒരുക്കിയ കോര്‍ണറുകളിലാണു കൊളാഷ് പ്രദര്‍ശനം അരങ്ങേറിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം