ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം അന്യായം: ദമാം ഒഐസിസി
Tuesday, March 1, 2016 8:26 AM IST
ദമാം: രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടുന്നതിനായി നടത്തിയ സര്‍വേ നാടകം തട്ടിപ്പായിരുന്നുവെന്നു ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ആരോപിച്ചു. രക്ഷകര്‍ത്താക്കളുടെ നിസഹായാവസ്ഥയെ ചൂഷണം ചെയ്യാനുള്ള ആസൂത്രിത ശ്രമമായിരുന്നു സര്‍വേ നാടകം. ഇരട്ട ഷിഫ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ ഫീസ് വര്‍ധനവിനുള്ള കുറുക്കു വഴിയായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതു ശരിവയ്ക്കുന്ന വാര്‍ത്തകളാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഒപ്പം, ഭരണസമിതിയുടെ നീക്കത്തിന് മുഖ്യധാരാ സംഘടനകള്‍ അനുകൂലമാണെന്ന് വരുത്തിതീര്‍ക്കാനും ബോധപൂര്‍വമായ ശ്രമം ചില കേന്ദ്രങ്ങള്‍ നടത്തുന്നത് ദുരൂഹമാണ്.

ഫീസ് വര്‍ധിപ്പിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാനചിന്താഗതിക്കാരുമായി ഒഐസിസി ആശയവിനിമയം നടത്തിവരികയാണ്. സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ക്ക് തങ്ങളുടെ തുശ്ചമായ വരുമാനത്തില്‍ നിന്നും സ്വന്തം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ നിലനില്‍ക്കേണ്ടത് ദമാമിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അവകാശമാണ്. ആ അവകാശത്തെ ഹനിക്കുന്ന ഭരണസമിതിയുടെയും അധികാരികളുടെയും നീക്കത്തിനെതിരെ സജീവമായി രംഗത്തുണ്ടാകുമെന്ന് ഒഐസിസി പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം