ജോമോന്‍ എം. മങ്കുഴിക്കരിക്ക് കുവൈത്ത് മലയാളികളുടെ ആദരം
Tuesday, March 1, 2016 5:15 AM IST
കുവൈത്ത്: എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തത്തെ ആദ്യമായി കേരളത്തില്‍ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്ന വാര്‍ത്താപരമ്പര 'വിഷവര്‍ഷമേറ്റ് സ്വര്‍ഗഭൂമി' തയാറാക്കിയ ദീപികയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ ജോമോന്‍ എം. മങ്കുഴിക്കരിയെ കുവൈറ്റ് മലയാളികളുടെ പൊതു സാംസ്ക്കാരിക വേദിയായ തനിമയുടെ നേതൃത്വത്തില്‍ ആദരിച്ചു. തനിമയുടെ മുതിര്‍ന്ന ഹാര്‍ഡ് കോര്‍ മെംബറും പ്രമുഖ സാമൂഹ്യപ്രവര്‍ത്തക്നുമാ യ രഘുനാഥന്‍ നായര്‍ മെമന്റോ സമ്മാനിച്ചു.. ഒ.എന്‍.വി, രാജാമണി അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് സാം പൈനുമ്മൂട്, ജോയ് മുണ്ടക്കാട്, സജി തോമസ്, ബി.പി നാസര്‍, മുഹമ്മദ് റിയാസ്, ബാബുജി ബത്തേരി എന്നിവര്‍ സന്നിഹിതരായിരുന്നു
പരമ്പര പ്രസിദ്ധീകരിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ അംഗീകാരം. 2004 മുതല്‍ ജോമോന്‍ കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നു.

2001 ഫെബ്രുവരി 23മുതലാണു പരമ്പര ദീപിക കണ്ണൂര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്. കര്‍ണാടകത്തിന്റെ അതിര്‍ത്തിയിലുള്ള സ്വര്‍ഗയും സമീപപ്രദേശങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍  എസ്.കെ. മോഹനാണു ദേശത്തിന്റെ ദുരന്തക്കാഴ്ചകള്‍ ഒപ്പിയെടുത്തത്. കേരളം അതുവരെയറിയാതിരുന്ന മനുഷ്യദുരന്തത്തിന്റെ നേരറിവുകള്‍ നാലുദിവസം ദീപികയുടെ താളുകളില്‍ നാടിന്റെ ശ്രദ്ധ ക്ഷണിച്ചു. അന്ന് ദീപികയുടെ കണ്ണൂര്‍ ഡെസ്കില്‍ ജോലിചെയ്യുകയായിരുന്നു ജോമോന്‍.

വിഷവര്‍ഷമേറ്റ് സ്വര്‍ഗഭൂമി'യെ പിന്തുടര്‍ന്നു കേരളത്തിലെ എല്ലാ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍