പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സന്റെ ഭര്‍ത്താവ് റിയാദില്‍ ജീവനൊടുക്കി
Monday, February 29, 2016 7:10 AM IST
റിയാദ്: പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പേര്‍സണ്‍ പെട്ടമണ്ണ റീനയുടെ ഭര്‍ത്താവും ന്യൂ സനയ്യയിലെ നാപ്കോ കമ്പനിയിലെ ജോലിക്കാരനുമായ പെരിന്തല്‍മണ്ണ താഴെക്കോട് അരക്കുപറമ്പ് കുറ്റിപ്പുളി സ്വദേശി പെട്ടമണ്ണ ഉണ്ണികൃഷ്ണന്‍ (35) ശനിയാഴ്ച ഉച്ചക്ക് താമസസ്ഥലത്ത് റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്െടത്തി. വെട്ടത്തൂര്‍ വില്ലേജ് ഓഫീസിലെ റിട്ടയേര്‍ഡ് വില്ലേജ് മാന്‍ അപ്പുവിന്റേയും കാര്‍ത്ത്യായനിയുടേയും മകനാണ്. ഒരു വര്‍ഷം മുന്‍പാണു സഹോദരന്‍ പ്രസാദിനോടൊപ്പം നാപ്കോ കമ്പനിയില്‍ ജോലിക്കായി റിയാദിലെത്തിയത്. ന്യൂ സനയ്യയിലെ താമസസ്ഥലത്ത് അടുത്തടുത്ത റൂമുകളിലാണു പ്രസാദും ഉണ്ണിക്കൃഷ്ണനും താമസിച്ചിരുന്നത്. ഇരുവര്‍ക്കും രാത്രിയായിരുന്നു ഡ്യൂട്ടി. ഉച്ചയ്ക്ക് തൊട്ടടുത്ത റൂമില്‍ പ്രസാദും സുഹൃത്തുക്കളും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണന്‍ ഫാനില്‍ കയര്‍ കെട്ടി ആത്മഹത്യ ചെയ്തതെന്നും ബഹളം കേട്ട് ഓടി വന്നപ്പോഴേക്കും മരണം സംഭവിച്ചതായും പ്രസാദ് പറഞ്ഞു. വീട്ടിലോ ജോലി സ്ഥലത്തോ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അസുഖം മൂലം കുറച്ചു ദിവസം ജോലിക്കു പോയിരുന്നില്ലെന്നും പ്രസാദ് പറഞ്ഞു.

വിനോദ് ഏക മകനാണ്. പ്രസാദിനെക്കൂടാതെ പ്രമോദ്, ദീപ എന്നീ സഹോദരങ്ങള്‍ കൂടിയുണ്ട്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ കമ്പനിയില്‍ നടന്നുവരുന്നതായി പ്രസാദ് അറിയിച്ചു. കെഎംസിസി പ്രവര്‍ത്തകരും സഹായത്തിനുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍