'ശ്രീരാഗം' ഒ.എന്‍.വിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Monday, February 29, 2016 7:09 AM IST
ദമാം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിന്റെ വിയോഗത്തില്‍ ജൂബൈലിലെ സംഗീത കൂട്ടായ്മയായ 'ശ്രീരാഗം' ഫെബ്രുവരി 26 നു ജുബൈല്‍ ബീച്ച് ക്യാമ്പില്‍ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. സാംസ്കാരിക മേഖലകളിലെ പ്രമുഖരും ഒട്ടേറെ സംഗീത ആസ്വാദകരും പങ്കെടുത്തു. അസഹിഷ്ണുതയും , മത മാത്സര്യങ്ങളും ആഴത്തില്‍ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലത്ത് താളക്കേടുകളുടെ മര്‍ത്യഭാഷ കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പാട്ടിന്റെ സ്വരവര്‍ണരാജികള്‍ തേടി മറ്റൊരു ലോകത്തേക്ക് ശാന്തനായി കവി മടങ്ങി പോയെന്ന് സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്തുകൊണ്ട് നവയുഗം രക്ഷാധികാരി ടി.പി. റഷീദ് അഭിപ്രായപ്പെട്ടു.

വിപ്ളവമായും, പ്രണയമായും, താരാട്ടായും അദ്ദേഹത്തിന്റെ കാവ്യസപര്യ മലയാളത്തെ ശ്രേഷ്ഠമാക്കിയതിനെ ടി.എ. തങ്ങള്‍ (നവയുഗം) അനുസ്മരണ പ്രഭാഷണത്തിലൂടെ വിശദീകരിച്ചു. ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നും വാക്കുകളുടെ തുള്ളികള്‍ പകരാന്‍ ഒ എന്‍ വി ഇല്ല എന്നത് ഒരു ശ്യൂനതതന്നെയാണെന്ന് ഉമേഷ് കളരിക്കല്‍ (നവോദയ) അനുസ്മരിച്ചു. കണ്ണൂര്‍ രവീന്ദ്രന്‍ മാസ്റര്‍ അധ്യക്ഷത വഹിച്ചു. രമേശ് പയ്യന്നൂര്‍ സ്വാഗതവും ഷാജി വളവില്‍ നന്ദിയും പറഞ്ഞു. സ്മൃതി സന്ധ്യക്ക് ശേഷം ഒ.എന്‍.വി യുടെ ഗാനങ്ങള്‍കോര്‍ത്തിണക്കി ഗാനര്‍ച്ചനയും നടന്നു. ഒ എന്‍ വി യുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ഷാജി വളവില്‍ , കെടി ആന്റണി , രമേഷ് പയ്യന്നൂര്‍ , ജസീര്‍ , നിധീഷ്, ബിനു , ടിറ്റോ , നന്ദകിഷോര്‍ , സുധി രാധാകൃഷണന്‍ , റീജാ അന്‍വര്‍ , അലീനാ ആന്റണി , സ്നൂപാ വിനോദ് , ഗൌെരി സനല്‍ , എന്നിവര്‍ ആലപിച്ചു. അജിത്ത് കുമാര്‍ തോപ്പില്‍ ഗാനാര്‍ച്ചന നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍