ചില്ല സാഹിത്യോത്സവം; ഡോ. ഷിഹാബ് ഗാനിമിനെ ആദരിച്ചു
Monday, February 29, 2016 7:08 AM IST
റിയാദ്: സാഹിത്യ സംവാദവും ചര്‍ച്ചകളുമായി മൂന്ന് ദിവസം നീണ്ടുനിന്ന ചില്ല സാഹിത്യോത്സവം സാഹിത്യകാരന്മാരുടെയും നവാഗതരുടേയും സംഗമവേദിയായതോടൊപ്പം ഇന്‍ഡോ-അറബ് സാംസ്കാരിക സമന്വയവേദി കൂടിയായി. അതിരുകളില്ലാത്ത ലോകം, അതിരുകളില്ലാത്ത വാക്ക്, അതിരുകളില്ലാത്ത സാഹിത്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പ്രമുഖ അറബ് പണ്ഡിതനും കവിയും വിവര്‍ത്തകനും ടാഗോര്‍ സമാധാന പുരസ്കാര ജേതാവുമായ ഡോ. ഷിഹാബ് ഗാനിമിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാഹിത്യോത്സവം ഡോ. ഷിഹാബ് ഗാനിം ഉദ്ഘാടനം ചെയ്തു.

ഇന്‍ഡോ- അറബ് സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഡോ. ഷിഹാബ് ഗാനിം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ചില്ല സര്‍ഗവേദി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. പ്രമുഖ മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഇ. സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ചില്ല ഉപദേശക സമിതിയംഗവും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെരുവമ്പ്രം ചില്ലയുടെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും രൂപീകരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. എഴുത്തുകാരനായ എം. ഫൈസല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രമുഖ പ്രവാസി സാഹിത്യകാരനും അധ്യാപകനുമായ പി.ജെ.ജെ. ആന്റണി, പത്രപ്രവര്‍ത്തകനായ ഹസ്സന്‍ ചെറൂപ്പ, കേളി സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, അശോകന്‍ ചരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, ടി.ഡി. രാമകൃഷ്ണന്‍, ഗോപീകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവര്‍ ഡിജിറ്റല്‍ സംവിധാനം വഴി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്യ്രത്തിനും ശാസ്ത്ര യുക്തി ചിന്തയ്ക്കും ജനാധിപത്യ മതേതര ദര്‍ശനങ്ങള്‍ക്കുവേണ്ടിയും സാംസ്കാരിക പ്രവര്‍ത്തനത്തിനും വേണ്ടിയും പോരാടുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലക്കൂട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും ചടങ്ങില്‍ അവതരിപ്പിച്ചു. ചില്ല സര്‍ഗവേദി കോ-ഓര്‍ഡിനേറ്റര്‍ നൌഷാദ് കോര്‍മത്ത് അധ്യക്ഷനായിരുന്നു.

സുഗതകുമാരിയുടെ 'രാത്രിമഴ' എന്ന കവിത പ്രശസ്ത പിന്നണിഗായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് ആലപിച്ചു. ശിഹാബ് ഗാനിം അറബിയിലേക്ക് 'മത്തര്‍ ലേല്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത ഈ കവിത ടി. ജാബിര്‍ ഹൃദ്യമായി ചടങ്ങില്‍ അവതരിപ്പിച്ചു. ഒഎന്‍വി കുറുപ്പിന്റെ ഗോതമ്പുമണികള്‍ എന്ന കവിത സുഭാഷ് ചൊല്ലി. കേളി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞു വള്ളികുന്നം ചില്ല ഉപദേശക സമിതിയംഗങ്ങളായ ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുങ്ക്, ബാലചന്ദ്രന്‍, റഫീഖ് പന്നിയങ്കര, ദസ്തഗീര്‍, ദയാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി.ആര്‍ സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ഒ.വി. വിജയന്റെ 'കടല്‍ത്തീരത്ത്' എന്ന കഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ലഘുനാടകവും അരങ്ങേറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍