ജെറ്റ് എയര്‍വേസ് മസ്കറ്റ്-ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു
Sunday, February 28, 2016 6:42 AM IST
മസ്കറ്റ്: ഇന്‍ഡ്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനി ആയ ജെറ്റ് എയര്‍വേസ്
അതിന്റെ മസ്കറ്റില്‍നിന്നുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് അവസാന വാരം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രതിദിന സര്‍വീസാണ് ആരംഭിക്കുന്നത്. ഇതുപ്രകാരം ആദ്യ വിമാനം
9 ഡബ്ള്യു 589 മാര്‍ച്ച് 21-നു രാത്രി 11. 15 നു ഡല്‍ഹിയില്‍നിന്നു തിരിച്ച് 22 ചൊവ്വാഴ്ച പുലര്‍ച്ചെ 01.30 നു മസ്കറ്റില്‍ എത്തിച്ചേരും. മസ്കറ്റില്‍ നിന്നുള്ള വിമാനം 9 ഡബ്ള്യു 597 പുലര്‍ച്ചെ 02.30 നു പുറപ്പെട്ട് ഇന്‍ഡ്യന്‍ സമയം രാവിലെ ഏഴിനു ഡല്‍ഹിയില്‍ എത്തിച്ചേരും. മസ്കറ്റ് വ്യോമയാന അതോറിറ്റി ഉള്‍പ്പെടെ അംഗീകരിച്ചു നല്‍കിയിട്ടുള്ള നിലവിലെ ഷെഡ്യൂള്‍തന്നെയായിരിക്കും തുടരുകയെന്നു ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി ദീപികയോട് പറഞ്ഞു.

മസ്കറ്റില്‍നിന്നു ജെറ്റ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹി സെക്ടറില്‍ നിലവിലുള്ള വിമാന കമ്പനികളുടെ ഏകാധിപത്യം ഇല്ലാതാകും. കൂടാതെ ഡല്‍ഹിയില്‍നിന്നു വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ജെറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ മസ്കറ്റില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ റൂട്ട് പ്രയോജനപ്പെടും.

നിലവില്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡ്യയുടെ ദേശീയ വിമാന കമ്പനി ആയ എയര്‍ ഇന്ത്യയും, ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയറുമാണു നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്.

മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു പ്രതിദിന സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് ഡല്‍ഹി സര്‍വീസ് തുടങ്ങുന്നതോടെ തങ്ങളുടെ മസ്കറ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം