'ഇസ്ലാമിക ലോകത്തിന് ഇന്ത്യയുടെ സംഭാവന നിസ്തുലം'
Saturday, February 27, 2016 8:37 AM IST
കുവൈത്ത്: സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യന്‍ സമൂഹം ഇസ്ലാമിക സമൂഹത്തിനു നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫരീദ് അല്‍ ഇമാദി പ്രസ്താവിച്ചു. കുവൈത്ത് അബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ ഖുര്‍ആന്‍ എക്സ്പോയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴു നൂറ്റാണ്ടിലധികം മുസ്ലിം രാജാക്കന്മാര്‍ ഭരണം നടത്തിയ ഇന്ത്യയില്‍ നിന്നും അറിയപ്പെടുന്ന ഹദീഥ് പണ്ഡിതന്മാരും പ്രമുഖമായ ഗ്രന്ഥങ്ങളും ഇസ്ലാമിക ലോകത്തിനു ലഭിച്ചിട്ടുണ്െടന്നും ലോകത്തിന്റെ മുക്കും മൂലകളിലും വ്യാപിച്ച് കിടക്കുന്ന ഇന്ത്യന്‍ സമൂഹം ലോകത്തിനു മാതൃകാ യോഗ്യമായ സംഭാവനകള്‍ അര്‍പ്പിക്കണമെന്നും അതിന്റെ ഭാഗമാണ് കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ സംഘടനായ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ എക്സ്പോ പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ (സ്വ) അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ തെളിവായി അല്ലാഹു നല്കിയ ദിവ്യത്ഭുതം (മുഅ്ജിസത്ത്) ആണെന്നും അതുകൊണ്ടുതന്നെ ഖുര്ആന് മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയവും ചരിത്രപരവും നിയമപരവുമായ മുഴുവന്‍ കാര്യങ്ങള്‍ ലോകാവസാനം വരെ നിലനില്‍ക്കുന്ന ദിവ്യാത്ഭുതമാണെന്ന് ഷെയ്ഖ് ഇമാദി പറഞ്ഞു.

മനുഷ്യ ജീവിതത്തിന്റെ സര്‍വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഖുര്‍ആന്‍ അതിന്റെ യഥാര്‍ഥ രൂപത്തില്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യാന്‍ എല്ലാ മുസ്ലിമിന്റെയും മാത്രമല്ല എല്ലാ മനുഷ്യരുടെയും ബാധ്യതയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മലേഷ്യന്‍ അംബാസഡര്‍ അഹമദ് അബ്ദുല്‍ ഗനി പ്രസ്താവിച്ചു.

സമ്മേളനത്തില്‍ 'മഹാത്ഭുതം ഖുര്‍ആന്‍' എന്ന വിഷയം അവതരിപ്പിച്ചു വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കണ്‍വീനര്‍ സി.പി. സലിം സംസാരിച്ചു.

പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ ഒന്നാം സെമസ്റര്‍ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ വിദ്യാര്‍ഥികള്‍ക്കും വാട്സ്ആപ് ഖുര്‍ആന് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും ത്വല്ഹത്ത് സ്വലാഹി, സി.പി. സലിം, ഫൈസല്‍ മൌലവി പുതുപ്പറമ്പ്, അബ്ദുല്‍ മാലിക് സലഫി, അഷ്കര്‍ സ്വലാഹി, ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ്, സുനാഷ് ശുക്കൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വിവിധ സംഘടനാ പ്രതിനിധികളും പൌര പ്രമുഖരുമായ തോമസ് കടവില്‍, ഫാറൂഖ് ഹമാദാനി, ഹംസ പയ്യന്നൂര്‍, ഖലീല്‍ അടൂര്, ഒ.അബ്ദുള്‍ ഖാദര്‍, ടി.വി. അര്‍ഷദ്, പി.സി. ഹരീഷ്, കെ.എം. അന്‍സാര്‍, അപ്സര മഹമൂദ് തുടങ്ങിയവര്‍ പങ്കെടുത്തു. ടി.പി. മുഹമ്മദ് അബ്ദുല്‍ അസീസ് സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍