2018 ഓടെ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരും: മന്ത്രി ദാര്‍വിഷ് അല്‍ബലൂഷി
Friday, February 26, 2016 10:15 AM IST
മസ്ക്കറ്റ്: ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ 2018 ല്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ഒമാന്‍ ധനമന്ത്രി ദാര്‍വിഷ് അല്‍ബലൂഷി ദുബായിയില്‍ പറഞ്ഞു. അബുദാബിയില്‍ നടക്കുന്ന അറബ് സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അഞ്ചു ശതമാനം നികുതിയായിരിക്കും ചുമത്തുക. 2018 വരെ ചര്‍ച്ചകളും തീരുമാനങ്ങളില്‍ ഭേദഗതികളും ഉണ്ടാകുമെങ്കിലും അഞ്ചു ശതമാനമെന്നതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നികുതിഘടന പരിഷ്കരിക്കണമെന്ന അന്താരാഷ്ട്ര നാണ്യനിധി മേധാവിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഡിസംബറില്‍ യുഎഇ അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ഖൌരി നികുതി സംബന്ധിച്ച് ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയായതായി പ്രസ്താവിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ സാധനങ്ങള്‍ തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ നികുതിയില്‍ നിന്നൊഴിവാക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം