ജനാദരിയ ചിത്രകാരിക്ക് വോയിസ് ഓഫ് കേരളയുടെ ആദരവ്
Friday, February 26, 2016 10:08 AM IST
റിയാദ്: സൌദിയിലെ സാംസ്കാരിക മഹോത്സവമായ ജനാദരിയ ഫെസ്റിവലില്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ വരച്ചുകൊണ്ട് ചിത്രരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി കലാകാരിയെ വോയിസ് ഓഫ് കേരള 1152 എ.എം റേഡിയോ പ്രവര്‍ത്തകര്‍ ആദരിച്ചു.

റിയാദിലെ അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി ഹഫീഫ ഹാരിസിനെയാണ് റേഡിയോ പ്രവര്‍ത്തകര്‍ ആദരിച്ചത്. വിവിധ രാജ്യക്കാരായ ആയിരത്തോളം ചിത്രകാരന്‍മാരില്‍നിന്നുമാണ് ഈ മിടുക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അല്‍ ആലിയ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സ്കൂള്‍ പ്രിന്‍സിപ്പള്‍ ഷാനു സി. തോമസ് ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്ളവര്‍ ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ്കോയ ഉപഹാരം സമ്മാനിച്ചു. വോയിസ് ഓഫ് കേരള റേഡിയോ ടീച്ചറും മീഡിയ പ്ളസ് സിഇഒയുമായ അമാനുല്ല വടക്കാങ്ങര ആശംസ നേര്‍ന്നു പ്രസംഗിച്ചു. ഹഫീഫ ഹാരിസിനുളള ഉപഹാരം വോയിസ് ഓഫ് കേരള 1152 എ.എം റേഡിയോ സൌദി തലവന്‍ ഉബൈദ് എടവണ്ണ നിര്‍വഹിച്ചു. ഇബ്രാഹിം സുബ്ഹാന്‍ (എനര്‍ജി ഫോറം) ഡോ. അബ്ദുല്‍സലാം (കിംഗ് സൌദ് യൂണിവേഴ്സിറ്റി), സ്കൂള്‍ അഡ്മിന്‍ ബിജു, സൂപ്പര്‍വൈസര്‍ കുര്യന്‍, ആര്‍.ഇ.എക്സ് ബാബു, ഇല്യാസ് മണ്ണാര്‍ക്കാട്, സുരേഷ് എന്നിവര്‍ സംബന്ധിച്ചു.