കുവൈത്തില്‍ തനിമ സംഗീതാര്‍ച്ചന സംഘടിപ്പിച്ചു
Friday, February 26, 2016 10:08 AM IST
കുവൈത്ത്: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിന്റെയും പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണിയുടെയും സ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് തനിമയൊരുക്കിയ സംഗീതാര്‍ച്ചന 'മധുരിക്കും ഓര്‍മകളെ' ഫെബ്രുവരി 24നു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

മലയാളത്തിനു മധു പകര്‍ന്ന ഒഎന്‍വിയുടെ അനശ്വര മധുരഗീതങ്ങളും രാജാമണിയുടെ സംഗീത സംവിധാനത്തില്‍ ഓര്‍മയില്‍ മുദ്ര ചാര്‍ത്തിയ സുന്ദര്‍ ഗാനങ്ങളും കോര്‍ത്തു ചേര്‍ത്ത സംഗീത ഹാരം യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സംഗീതാസ്വാദകരെ സാക്ഷിനിര്‍ത്തി കുവൈത്തിലെ പ്രമുഖ ഗായകരും സംഗീതജ്ഞരും ചേര്‍ന്നു പ്രിയ കവിയുടെയും സംഗീത സംവിധായകന്റെയും മഹിത സ്മരണകളില്‍ സമര്‍പ്പിച്ചു.

കുവൈത്തിലെ പ്രമുഖ ഗായകരും സംഗീതജ്ഞരുമായ കണ്ണൂര്‍ ചന്ദ്രശേഖരന്‍, സിന്ധു രമേഷ്, അന്‍വര്‍ സാരംഗ്, പ്രീതി വാര്യര്‍, കിഷോര്‍, അംബികാ രാജേഷ്, ശ്രുതി, ഷൈജു പള്ളിപ്പുറം, ശ്രീകുമാര്‍, റാഫി കല്ലായി, സുമി സിജു, ബിജു തിക്കോടി, മോന്‍സി, പ്രതാപന്‍ മാന്നാര്‍, വര്‍ഗീസ് പോള്‍, ജോയല്‍, നിക്സണ്‍ ജോര്‍ജ് എന്നിവര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു.

ഷൈജു പള്ളിപ്പുറം, ബാബുജി ബത്തേരി, അഡ്വ. ബൈജു പുന്നത്താനം, പ്രതാപന്‍ മാന്നാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജോമോന്‍ എം. മങ്കുഴിക്കരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ രാജ്യത്തിനായി ജീവദാനം ചെയ്ത ലാന്‍സ് നായിക് ഹനുമന്തപ്പയും കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷുമടക്കമുള്ള 10 ധീരസൈനികരുടെയും മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍, മലയാളത്തിന്റെ പ്രിയ നടി കല്‍പ്പന, പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, ഗായികയും സംഗീത സംവിധായകമായ ഷാന്‍ ജോണ്‍സണ്‍ എന്നിവര്‍ക്കും സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍