തൊഴില്‍ പീഡനങ്ങള്‍ക്കറുതിയായി മംഗലാപുരം സ്വദേശികള്‍ നാട്ടിലെത്തി
Friday, February 26, 2016 10:05 AM IST
അല്‍കോബാര്‍: അല്‍കോബാറിലെ സ്വദേശിയുടെ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷമായി തൊഴില്‍ പീഡനങ്ങള്‍ അനുഭവിച്ചു വന്ന മംഗലാപുരം നിവാസികളായ രണ്ടുപേര്‍ അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി ഹെല്‍പ് ഡെസ്കിന്റെ സഹായത്താല്‍ നാട്ടിലെത്തി.

എയര്‍ കണ്ടീഷന്‍, സ്പെയര്‍ പാര്‍ട്സുകളുടെ വിതരണക്കാരായ അല്‍കോബാറിലെ സ്ഥാപനത്തില്‍ സ്റോര്‍ കീപ്പറായി ജോലി ചെയ്തു വന്ന മംഗലാപുരം കുത്താര്‍ സോമേശ്വര്‍ സ്വദേശി നാസര്‍ മുദ്ദസിര്‍, മംഗലാപുരം തലപ്പാടി സ്വദേശി അഷ്റഫ് മുഹമ്മദ് എന്നിവരാണ് അല്‍കോബാര്‍ ലേബര്‍ കോടതിയില്‍നിന്ന് അനുകൂല വിധി നേടി നാട്ടിലെത്തിയത്.

വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതെയും അവധിക്കു പോകാന്‍ അനുവദിക്കാതെയുമാണു സ്പോണ്‍സര്‍ ഇവരെ കഷ്ടപ്പെടുത്തിയതെന്ന് ഇരുവരും പറഞ്ഞു. തുച്ഛമായി നല്‍കിയിരുന്ന ശമ്പളം തന്നെ മൂന്നോ നാലോ മാസം കഴിഞ്ഞ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവധിക്കു നാട്ടില്‍ പോകണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ ഇതു പരിഗണിക്കാതെ ഹുറൂബ് ആക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അഞ്ചര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭ്യമായ കെഎംസിസി പ്രവര്‍ത്തകരുടെ നിയമ സഹായത്തില്‍ ഇരുവരും നന്ദി പറഞ്ഞു. അല്‍കോബാര്‍ ലേബര്‍ കോടതിയെ വിവരങ്ങള്‍ കൃത്യമായി ബോധിപ്പിച്ചതിലൂടെ എക്സിറ്റ് ലഭ്യമാക്കാന്‍ സ്പോണ്‍സറോടു കോടതി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് നിയമസഹായം നല്‍കിയ അല്‍കോബാര്‍ കെഎംസിസി വെല്‍ഫയര്‍ വിംഗ് കണ്‍വീനര്‍ ഒ.പി. ഹബീബ് പറഞ്ഞു. കോടതി നിര്‍ദേശത്താല്‍ ഇവര്‍ക്ക് എക്സിറ്റ് നല്‍കിയെങ്കിലും വിമാന ടിക്കറ്റ് നല്‍കാന്‍ വൈമനസ്യം പ്രകടിപ്പിച്ച സ്പോണ്‍സറെ കനത്ത സമ്മര്‍ദ്ദം ചെലുത്തിയാണു ടിക്കറ്റും ഒരുമാസത്തെ ശമ്പളവും ലഭ്യമാക്കിതതെന്നു ഇവര്‍ക്കു സഹായത്തിനുണ്ടായിരുന്ന ഇസ്മായില്‍ പുള്ളാട്ടും പറഞ്ഞു. ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും ലഭ്യമായില്ലെങ്കിലും രോഗികളായി തളര്‍ന്നു കിടക്കുന്ന മാതാപിതാക്കളുടെ അടുത്ത് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും മൂന്നു മാസത്തോളം കേസിന്റെ നടപടികളുമായും മറ്റ് സഹകരിച്ച മലയാളി സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്െടന്നും നാസറും മുഹമ്മദ് അഷ്റഫും ദമാം എയര്‍പോര്‍ട്ടില്‍ യാത്രയയ്ക്കാനെത്തിയവരോടു പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം