ഒഎന്‍വി, അക്ബര്‍ കക്കട്ടില്‍ അനുസ്മരണം സംഘടിപ്പിച്ചു
Thursday, February 25, 2016 7:02 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ സൌത്ത് ചാപ്റ്ററും അക്ഷരം വായനാ വേദിയും സംയുക്തമായി ഒഎന്‍വി, അക്ബര്‍ കക്കട്ടില്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള ഭാഷക്കുവേണ്ടി നിലകൊണ്ട മഹാകവി ഒഎന്‍വിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും തന്നോടൊപ്പമോ തന്നേക്കാള്‍ വലിയവരോ ആയ ശിഷ്യഗണങ്ങളെ സമ്പാദിച്ച അധ്യാപകനായും പ്രകൃതിക്കും മനുഷ്യനും വേണ്ടി നിലകൊണ്ട കവിയുമായിരുന്നു ഒഎന്‍വി എന്നും ഗോപി നെടുങ്ങാടി അനുസ്മരിച്ചു.

സൌഹൃദങ്ങളെ അത്യധികം വിലകൊടുത്തിരുന്ന മഹനായ കഥാകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്നും സധാരണക്കാരുടെ ജീവിതം നര്‍മത്തില്‍ ചാലിച്ച് അദ്ദേഹം എഴുതിയ കഥകള്‍ക്ക് അന്ന്യമായ സൌന്ദര്യമുണ്ട് എന്ന് കഥാകൃത്തും നോവലിസ്റുമായ അബു ഇരിങ്ങാട്ടിരി അനുസ്മരിച്ചു.

തന്റെ രാഷ്ട്രീയ ചിന്തകള്‍ തുറന്നു പ്രകടിപ്പിക്കുകയും മാനവിതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത മഹാനായ കവിയായിരുന്നു ഒഎന്‍വി എന്ന് കവി മുഹമ്മദ് കുട്ടി എളമ്പിലാക്കോട് അനുസ്മരിച്ചു. മിര്‍സ ഷെരീഫ്, റബീഹ ഷമീം, ചന്തു മാസ്റര്‍, അബ്ദുല്‍ ഗഫൂര്‍ മഞ്ചേരി, അബ്ദുല്‍ റവൂഫ് എന്നിവര്‍ ഒഎന്‍വിയുടെ ചലചിത്രനാടക ഗാനങ്ങളും അരുവി മോങ്ങം, കെ.എം. അനീസ് എന്നിവര്‍ ഒഎന്‍വി കവിതകളും ആലപിച്ചു.

മുഹമ്മദ് റഫാത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ മുഹ്സിന്‍ അവതാരകനായിരുന്നു. വി.കെ. ഷമീം, മൂസക്കുട്ടി വെട്ടിക്കട്ടിരി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍