അഭിപ്രായ സര്‍വേയിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നത് തങ്ങളുടെ അജന്‍ഡ നടപ്പിലാക്കല്‍: നവോദയ സാംസ്കാരിക വേദി
Thursday, February 25, 2016 7:01 AM IST
ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ സമയ മാറ്റവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍നിന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ അജന്‍ഡ തന്ത്രപരമായി നടപ്പാക്കാനുള്ള ശ്രമമാണ് മാനേജമെന്റ് കൈക്കൊണ്ടിട്ടുള്ളത്.

രക്ഷിതാക്കളില്‍നിന്ന് അഭിപ്രായ സ്വരൂപീകരണമെന്ന പേരില്‍ അയച്ചു കൊടുത്തിട്ടുള്ള സര്‍ക്കുലര്‍ പ്രകാരം അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ രണ്ട് ഓപ്ഷന്‍ മാത്രമാണുള്ളത്. ഒന്ന് സമയമാറ്റം അംഗീകരിക്കുക രണ്ട് അധികമായി 15 റിയാല്‍ മുഴുവന്‍ കുട്ടികളും കൊടുത്തുകൊണ്ട് നിലവിലുള്ള സമയക്രമം അംഗീകരിക്കുക. ഈ രണ്ടു വഴികളും മാനേജ്മെന്റിന്റെ ജനാധിപത്യ വിരുദ്ധവും തങ്ങളുടെ ഇംഗിതം നടത്തിയെടുക്കണമെന്നുള്ള ഗൂഢശ്രമവുമാണു കാണിക്കുന്നത്. ഈ രണ്ട് നിര്‍ദേശങ്ങളോടും വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്യ്രവും ഓരോ രക്ഷിതാവിനും ഉണ്െടന്നിരിക്കെ, തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ രേഖപ്പെടുത്താന്‍ അവസരമമില്ലാത്തതു പ്രതിഷേധാര്‍ഹമാണ്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ സ്വതന്ത്രമായ അഭിപ്രായംകൂടി രേഖപ്പെടുത്താനുള്ള സൌകര്യം കൂടി അഭിപ്രായ  സര്‍വേയില്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് തയാറാകേണ്ടതുണ്ട്.

രണ്ടു ദിവസം മാത്രം സര്‍വേ ആയി അനുവദിക്കുക വഴി കൂടുതല്‍ ആളുകള്‍ക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരംകൂടി ഇല്ലാതാക്കുകയാണു സ്കൂള്‍ മാനേജ്മെന്റ്. ഫലത്തില്‍ തങ്ങള്‍ ആഗ്രഹിച്ചതെന്തോ, അതു നടപ്പാക്കാനുള്ള ആരോഗ്യകരമല്ലാത്ത സമീപനമാണ് ഉത്തരവാദപ്പെട്ടവര്‍ കൈക്കൊള്ളുന്നത്.

സമയമാറ്റം അംഗീകരിക്കുന്നില്ലെന്ന പേരില്‍ മുഴുവന്‍ വിദ്യാര്‍ഥികളില്‍നിന്നു മാസം പ്രതി 15 റിയാല്‍ ശേഖരിക്കുക വഴി ഒരു വര്‍ഷം അധികമായി ലഭിക്കുന്നത് മൂന്നര മില്യണ്‍ റിയലിന് അടുത്ത തുകയാണ്. ക്യത്യമായ കണക്കുകളില്ലാതെ, രക്ഷാകര്‍തൃ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാതെ ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് കമ്മിറ്റിക്കു ഭൂഷണമല്ല. രക്ഷിതാക്കള്‍ക്ക് അധികബാധ്യത ഉണ്ടാക്കുന്ന മാനേജ്മെന്റിന്റെ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്തുണയുമായെത്തുന്ന സാമൂഹ്യ സംഘടനകളും മറക്കുന്നത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രക്ഷിതാക്കളെയാണെന്നതു വിസ്മരിക്കരുത്.

സ്കൂള്‍ സമായമാറ്റവും അധിക ചാര്‍ജ് ഈടാക്കുന്നതിലും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രക്ഷിതാക്കളേയും വിദ്യാര്‍ഥികളേയും ഉത്തരവാദപ്പെട്ട സംഘടനകളെയും വിളിച്ചു ചേര്‍ത്ത അഭിപ്രായ സമന്വയത്തിലൂടെ ശരിയായ തീരുമാനം കൈക്കൊള്ളണമെന്നാണു നവോദയ സാംസ്കാരിക വേദി, കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം