ജിദ്ദ തണല്‍ ചാരിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Wednesday, February 24, 2016 9:15 AM IST
ജിദ്ദ: രാഷ്ട്രീയ, ജാതീയ, പ്രാദേശിക താത്പര്യങ്ങള്‍ക്കതീതമായി അശരണരുടെ കണ്ണീരൊപ്പുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെ ഒരു വര്‍ഷം മുമ്പ് ജിദ്ദയില്‍ രൂപംകൊണ്ട തണല്‍ ചാരിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷം ശറഫിയയിലെ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്നു.

സൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. ജീവിത യാതനകള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന നിരാലംബരായ സഹജീവികളുടെ അവസ്ഥ മനസിലാകാത്ത ഒരു പ്രത്യയ ശാസ്ത്രത്തിനും ഭൂമിയില്‍ ആയുസില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. തണല്‍ ചാരിറ്റിപോലുള്ള നിസ്വാര്‍ഥരായ മനുഷ്യ സ്നേഹികളുടെ സാന്നിധ്യം ദൈവാനുഗ്രഹമാണെന്നും അതിനോട് സഹകരിച്ചുപോകുന്നത് ഇഹലോകത്തും പരലോകത്തും വിജയിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഗസാലി അഭിപ്രായപ്പെട്ടു.

ഷാനവാസ് മാസ്റര്‍ അധ്യക്ഷത വഹിച്ചു. തണല്‍ ചാരിറ്റിയുടെ സ്ഥാപക നേതാവ് ബാവ പേങ്ങാടന്‍ മുഖ്യ പ്രഭാഷണം നടത്തി. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ജാഫര്‍ വാഫി ക്ളാസെടുത്തു. ചടങ്ങില്‍ ഫെബ്രുവരി മാസത്തെ 20 ഗുണഭോക്താക്കള്‍ക്കുള്ള ചെക്ക് വിതരണവും ചാരിറ്റി പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു.

സുലൈമാന്‍ ഫക്കി ആശുപത്രിയിലെ നഴ്സിംഗ് ഡയറക്ടര്‍ ഷോളി കാവുങ്ങല്‍, ഗഫൂര്‍ ചുങ്കത്തറ, സക്കീര്‍ അലി കണ്ണേത്ത്, ആലി ബാപ്പു, റഫീക്ക് വിളയില്‍, മുഹമ്മദ് റഫീക്ക്, യാസര്‍ നായിഫ്, സഹദ്, സമദലി, സൈഫുദ്ദീന്‍ മാസ്റര്‍, ഹുസൈന്‍ മലപ്പുറം, നജീബ്, മജീദ് ചേറൂര്‍, ഷുക്കൂര്‍ കോട്ടക്കല്‍, മന്‍സൂര്‍, ബാലചന്ദ്രന്‍ മുരുക്കുംപുഴ, കുഞ്ഞുമോയി, മൊയ്തീന്‍ വളാഞ്ചേരി, ശരഫു പേങ്ങാടന്‍, അബ്ദുറഹ്മാന്‍ അലന്ത, കോയ ഹാജി, ടി.പി. മുസ്തഫ, അഷ്റഫ് മുല്ലപ്പള്ളി, റസാക്ക് അക്കരപ്പറമ്പന്‍, മുസ്തഫ തൃത്താല, മുജഫര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍