സ്കൂള്‍ സമയം മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണം: പനോരമ
Wednesday, February 24, 2016 9:06 AM IST
ദമാം: ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് സമയക്രമം നടപ്പാക്കാനുള്ള അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമ ആവശ്യപ്പെട്ടു.

അനേകായിരം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം പ്രവാസ സമൂഹത്തെ ബുദ്ധിമുട്ടിക്കുന്നതും അവര്‍ക്കു മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്നു സ്കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റ് കമ്മിറ്റിക്കും സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സ്കൂളിലേക്കു പോകുന്നതും വരുന്നതും വിവിധ സമയങ്ങളില്‍ ആക്കുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തെത്തന്നെ ബാധിക്കുന്ന സ്ഥിതിയാണ്. സഹോദരങ്ങള്‍ ഒന്നിച്ചുപോകുകയും വരികയും ചെയ്തിരുന്നത് ഇനി വിവിധ സമയങ്ങളില്‍ ആകുന്നത് മാതാപിതാക്കള്‍ക്കു പലവിധ ആശങ്കകള്‍ക്കും കാരണമാകുകയാണ്. എണ്ണയുടെ വിലത്തകര്‍ച്ച മൂലം പല രക്ഷിതാക്കളുടെയും ജോലിതന്നെ നഷ്ടമാകുന്ന സ്ഥിതിയാണ്. മാതാപിതാക്കള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ ജോലിതന്നെ കളയേണ്ട സാഹചര്യം ഉണ്ടാവുകയാണ്. അവര്‍ മിക്കപ്പോഴും തങ്ങളുടെ ജോലി സമയം ക്രമീകരിച്ചാണു കുട്ടികളുടെ സ്കൂള്‍ യാത്രയും മറ്റു ക്രമീകരണങ്ങളും ചെയ്തു വരുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള കുടുംബങ്ങളില്‍ പുതിയ തീരുമാനം വല്ലാത്ത ഒരു സ്ഥിതിവിശേഷമാണു സൃഷ്ടിച്ചിരിക്കുന്നത്.

വിദൂരങ്ങളില്‍നിന്നു പ്രത്യേകിച്ച് റാസ് താനുര, റഹിമ, അല്‍ഹസ എന്നിവിടങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍ പുലര്‍ച്ചെ 4.30നു ബസില്‍ കയറേണ്ട സ്ഥിതിയാണ്. ഈ വസ്തുതകള്‍ ഒന്നും കണക്കിലെടുക്കാതെ സ്വീകരിച്ച തീരുമാനം കുട്ടികളുടെ ഭക്ഷണ ക്രമവും ഉറക്കവും തന്നെ അവതാളത്തില്‍ ആകുകയും അവരുടെ പൊതുവേയുള്ള ആരോഗ്യത്തെ തന്നെ ബാധിക്കുകയും ചെയ്യുന്ന സ്ഥിതിയാണു സംജാതമായിരിക്കുന്നത്.

ഇവെയെല്ലാം കണക്കിലെടുത്ത് വേണ്ടത്ര ആലോചനയില്ലാതെ എടുത്ത തീരുമാനം പിന്‍വലിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും ആശങ്കകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നു പനോരമ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം