'സ്ത്രീകളെ അബലകളായി കാണാനും അടുക്കളയില്‍ തളച്ചിടാനും ശ്രമം'
Tuesday, February 23, 2016 10:14 AM IST
മസ്ക്കറ്റ്: സ്ത്രീകളെ അബലകളായി കാണാനും അടുക്കളയില്‍ തളച്ചിടാനുമുള്ള സമൂഹത്തിന്റെ വ്യഗ്രത തിരിച്ചറിയണം. അടുക്കളയില്‍ വേവുന്ന ഭക്ഷണത്തോടൊപ്പം മതസൌഹാര്‍ദ്ദത്തിലും മാനവികതയിലും ഊന്നിയ ഒരു സംസ്കാരം കൂടി പുതു തലമുറയ്ക്കുവേണ്ടി വേവിച്ചെടുക്കേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ക്കുണ്െടന്നു പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രഫ. സുജാ സൂസന്‍ ജോര്‍ജ്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്ക്കറ്റ്, കേരള വിഭാഗം വനിതാ വേദി സംഘടിപ്പിച്ച 'അടുക്കള സ്ത്രീകള്‍ക്കുള്ളതല്ല' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇരുട്ടു നിറഞ്ഞ അടുക്കളകളയ്ക്കു പകരം വെളിച്ചമുള്ള അടുക്കളയായി എന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി യാതൊരു മാറ്റവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടില്ല എന്നു സുജ സൂസന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടന്ന പരിപാടിയില്‍ മസ്കറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും നീതി നിഷേധവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റ് സാമൂഹ്യ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

കേരള വിഭാഗം കോ-കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ പ്രസാദ്, അസിസ്റന്റ് കോഓര്‍ഡിനേറ്റര്‍ ശാരി റെജു എന്നിവര്‍ സംസാരിച്ചു. കേരള വിഭാഗം സ്ഥാപക കണ്‍വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിര്‍ കേരള വിഭാഗത്തിന്റെ ഉപഹാരം സുജ സൂസന്‍ ജോര്‍ജിനു സമ്മാനിച്ചു.

'അടുക്കള സ്ത്രീകള്‍ക്കുള്ളതല്ല' എന്ന വിഷയത്തില്‍ ഊന്നിക്കൊണ്ടുള്ള ഭക്ഷ്യ മേള ഫെബ്രുവരി 26നു വൈകുന്നേരം ഏഴു മുതല്‍ ഡാര്‍സയിറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം