നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റില്‍ രാജീവ് സത്യാലിന്റെ ഹാസ്യ വിരുന്ന്
Thursday, February 11, 2016 11:05 AM IST
ന്യുജേഴ്സി: നാമം ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്സ് പാലസില്‍ മാര്‍ച്ച് 19നു സംഘടിപ്പിക്കുന്ന എക്സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ സ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അരങ്ങേറുന്നു.

ഒഹായോയില്‍ ജനിച്ച രാജീവ് സത്യാല്‍ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ഹാസ്യ പരിപാടികളുടെ അവതരണത്തില്‍ മുഴുകിയ അദ്ദേഹം 2002ലാണ് ഈ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയത്.

2005 ജൂണില്‍ സിന്‍സിനാറ്റിയില്‍ നടന്ന ഫണ്ണിയസ്റ് പേഴ്സണ്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.

വിഖ്യാത കൊമേഡിയന്‍ റസല്‍ പീറ്റേഴ്സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള രാജീവ് സത്യാലിന്റെ പരിപാടി അവാര്‍ഡ് നിശയിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു.

വൈകുന്നേരം ആരംഭിക്കുന്ന എക്സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത വ്യക്തികളും സംഘടന നേതാക്കളും സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച പ്രഗത്ഭരെ നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും.

റിപ്പോര്‍ട്ട്: വിനീത നായര്‍