മാപ്പ് വിമന്‍സ് ഫോറം രൂപീകരിച്ചു
Thursday, February 11, 2016 7:59 AM IST
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള വിമന്‍സ് ഫോറം രൂപവത്കരിച്ചു. ഫിലഡല്‍ഫിയയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി വനിതകളുടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കുക എന്നതാണ് മുഖ്യലക്ഷ്യം. മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തിയ രൂപീകരണ യോഗം വനിതകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാപ്പിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ ഈ വര്‍ഷം അഞ്ചു സ്ത്രീ പ്രതിനിധികളെ ഉള്‍പ്പെടുത്തിയത് സ്ത്രീശാക്തീകരണത്തില്‍ മാപ്പിന്റെ നിലപാട് വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെട്ടു.

സിബി ചെറിയാന്‍ ചെയര്‍പേഴ്സണ്‍ ആയും ലിസി തോമസ് കോ-ഓര്‍ഡിനേറ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ് ഫോറം കമ്മിറ്റിയില്‍ സാലി ഏലിയാസ്, ശാലു യോഹന്നാന്‍, ഓമന തോമസ്, ആന്‍സി സ്കറിയ, ക്രിസ്റി ജെറാള്‍ഡ്, ഷേര്‍ളി സാബു, ലിസി കുര്യാക്കോസ്, റേച്ചല്‍ ദാനിയേല്‍, ഏലിയാമ്മ ജോണ്‍, മോളി മാത്യു, അനു പോള്‍, ലിന്‍സി ജോണ്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

നടപ്പു പ്രവര്‍ത്തന വര്‍ഷത്തില്‍ സംഘടിപ്പിക്കുവാന്‍ ഉദേശിക്കുന്ന വിവിധ പരിപാടികളുടെ രൂപരേഖ മാപ്പിന്റെ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാന്‍ ചെയര്‍പേഴ്സനെ യോഗം ചുമതലപ്പെടുത്തി. മദേഴ്സ് ഡേ, ഇന്റര്‍ നാഷണല്‍ വുമന്‍സ് ഡേ തുടങ്ങിയ വനിതാ കേന്ദ്രീകൃതമായ ആഘോഷങ്ങളും മെഡിക്കല്‍ ക്യാമ്പ്, ഫുഡ് ഫെസ്റിവല്‍ തുടങ്ങിയവയും സംഘടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ പ്രസിഡന്റ് ഏലിയാസ് പോള്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി എന്നിവരും മാപ്പിന്റെ മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം