സീറോ മലബര്‍ കത്തീഡ്രലില്‍ വിഭൂതി ദിനാചാരണം ഭക്തിനിര്‍ഭരമായി
Thursday, February 11, 2016 7:58 AM IST
ഷിക്കാഗോ: വലിയനോമ്പിനു തുടക്കം കുറിച്ച് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിഭൂതി ദിനാചരണം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം വഹിച്ച പ്രാര്‍ഥനകളിലും വിശുദ്ധ കുര്‍ബാനയിലും രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപറമ്പില്‍, സഹവികാരി ഫാ. സെബി ചിറ്റിലപ്പള്ളി, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ബെഞ്ചമിന്‍ ചിന്നപ്പന്‍, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിഭൂതിദിന വായനകളെ അടിസ്ഥാനമാക്കി മാര്‍ അങ്ങാടിയത്ത് നല്‍കിയ സന്ദേശത്തില്‍ തിരിച്ചറിവിന്റേയും പ്രായശ്ചിത്തത്തിന്റേയും അനുഗ്രഹത്തിനായി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം എടുത്തുപറഞ്ഞു. വിശുദ്ധ കുര്‍ബാനയുടെ മഹത്വത്തെക്കുറിച്ചും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഈ പരിശുദ്ധ നോമ്പുകാലത്ത് ഏവര്‍ക്കും ലഭ്യമാകാനായി പ്രാര്‍ഥിക്കുന്നുവെന്നും കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈവര്‍ഷം സുവിശേഷഭാഗ്യങ്ങള്‍ മനസിലാക്കി വര്‍ത്തിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ഈവര്‍ഷത്തെ നോമ്പുകാല ധ്യാനം ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി നയിക്കും. മാര്‍ച്ച് 11 മുതല്‍ 13 വരെയാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം