കാതലായ പ്രവാസി പ്രശ്നങ്ങള്‍ വരുന്ന പാര്‍ലമെന്റ് സെഷനില്‍ ഉന്നയിക്കും: ഇ. അഹമ്മദ്
Wednesday, February 10, 2016 10:08 AM IST
ദുബായി: ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി, വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹ്മദ് എംപി. സ്വകാര്യ സന്ദര്‍ശനാര്‍ഥം ദുബായിലെത്തിയ എംപിക്ക് ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ നല്കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളില്‍ യുപിഎ ഗവണ്‍മെന്റ് പ്രവാസികള്‍ക്കായി ചെയ്തുപോയ പല നല്ല കാര്യങ്ങള്‍ ഉണ്െടന്നും തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നോണം വിവിധ വിഷയങ്ങളില്‍ ഈ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് എയര്‍പോര്‍ട്ട് നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെപ്പറ്റി അറിയിക്കുക, നിര്‍ത്തലാക്കിയ പ്രവാസി കാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക, മഹാത്മാ ഗാന്ധി സുരക്ഷാ യോജന (പ്രവാസി ഇന്‍ഷ്വറന്‍സ് സുരക്ഷ) പദ്ധതി പുനരവലോകനം ചെയ്തു, ബ്ളൂ കോളര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദവും ആകര്‍ഷകമാക്കുകയും ചെയ്യുക, വഴി മുട്ടി നില്‍ക്കുന്ന പ്രവാസി വോട്ടവകാശം, സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണു ദുബായി കെഎംസിസി മുന്നോട്ടുവച്ചത്.

ദുബായി കെഎംസിസി ഭാരവാഹികളുമായി കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തെകുറിച്ചും പരാമര്‍ശിച്ചു. പ്രവാസികള്‍ക്കു നല്‍കുന്ന മികച്ച സൌകര്യങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും യുഎഇ ഭരണാധികാരികളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട, ട്രഷറര്‍ എ.സി. ഇസ്മായില്‍, സഹ ഭാരവാഹികളായ മുസ്തഫ തിരൂര്‍ , ആവയില്‍ ഉമ്മര് ഹാജി, മൊഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുള്‍ ഖാദര്‍ അറിപ്പാമ്ബ്രാ, ആര്‍.ശുകൂര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരീക്കുറ്റി, എന്‍.കെ ഇബ്രാഹിം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍