ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് കാബിനറ്റ് ഉപദേശക സമിതിയില്‍ അഞ്ജലികുമാറും സോണിയ ബുട്ടായും
Wednesday, February 10, 2016 7:33 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ചില്‍ഡ്രന്‍സ് കാബിനറ്റ് അഡ്വൈസറി ബോര്‍ഡില്‍ ഇന്ത്യന്‍ വംശജരായ അഞ്ജലി കുമാറിനേയും സോണിയ ബുട്ടായേയും നിയമിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ളാസിയോ അറിയിച്ചു.

ഡെപ്യൂട്ടി മേയര്‍ അധ്യക്ഷനായി രൂപീകരിച്ച ബോര്‍ഡില്‍ 39 അംഗങ്ങളാണുള്ളത്. കുട്ടികളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമാക്കിയാണ് കാബിനറ്റിനു രൂപം നല്‍കിയതെന്നു മേയര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഗൂഗിള്‍ സീനിയര്‍ കൌണ്‍സില്‍ ആയിരുന്ന അഞ്ജലി കുമാര്‍, യുട്യൂബ് അഡ്വര്‍ട്ടൈസിംഗ് ടെക്നോളജി അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ബിരുദവും ബോസ്റണ്‍ യൂണിവേഴ്സിറ്റി ലോ സ്കൂളില്‍നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്.

സോണിയ സൌത്ത് ഏഷ്യന്‍ യൂത്ത് ആക്ഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎയും കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍