സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍: ഡോ. ലക്ഷ്മി മേത്തയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
Wednesday, February 10, 2016 7:33 AM IST
വാഷിംഗ്ടണ്‍: ഒഹായൊ സ്റേറ്റ് യൂണിവേഴ്സിറ്റി വെക്സനര്‍ മെഡിക്കല്‍ സെന്റര്‍ കാര്‍ഡിയോളജിസ്റും ഇന്ത്യന്‍ വംശജയുമായ ഡോ. ലക്ഷ്മി മേത്ത അധ്യക്ഷയായുള്ള ഗവേഷണ വിഭാഗം, പുരുഷന്മാരില്‍നിന്നു വ്യത്യസ്തമായി സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെകുറിച്ചും ചികിത്സാരീതികളെകുറിച്ചും ശാസ്ത്രീയമായി തയാറാക്കിയ റിപ്പോര്‍ട്ട് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി സ്ത്രീകളിലുണ്ടാകുന്ന ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്മാരില്‍നിന്നു വ്യത്യസ്തമാണെന്നു മനസിലാക്കി ആവശ്യമായ ചികിത്സകള്‍ നടത്താന്‍ കഴിഞ്ഞതിനാല്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്െടന്ന് ഒഹായോ സ്റേറ്റ് വുമണ്‍സ് കാര്‍ഡിയോ വാസ്കുലര്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. ലക്ഷ്മി മേത്ത പറഞ്ഞു.

ആഗോള വ്യാപകമായി സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന ഏറ്റവും പ്രധാന രോഗമായിട്ടാണ് കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും നെഞ്ചുവേദന പൊതുലക്ഷണമായി കാണുന്നുണ്െടങ്കിലും അനിയന്ത്രിതമായ ഹൃദയമിടിപ്പ്, പുറംവേദന, ഷോള്‍ഡര്‍ ജോയിന്റ് വേദന, അനാവശ്യമായ ഭയം, വിയര്‍പ്പ്, ദഹനമില്ലായ്മ എന്നിവ സ്ത്രീകളില്‍ അനുഭവപ്പെടുന്ന പ്രത്യേക ലക്ഷണങ്ങളാണ്. ശക്തമായ മാനസികസമ്മര്‍ദം, ഡിപ്രഷന്‍ എന്നിവയും ഇതിന്റെ ഭാഗമാണ്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതോടെ ആവശ്യമായ ചികിത്സ നേടുന്നതില്‍ സ്ത്രീകള്‍ വിമുഖത കാണിക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണെന്നു റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണു പ്രത്യേക രോഗലക്ഷണങ്ങള്‍ക്കു കാരണമെന്ന് ഡോ. ലക്ഷ്മി പറഞ്ഞു. കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനു ശ്രദ്ധ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു എന്നതും പ്രധാനകാരണങ്ങളിലൊന്നാണ്.

രോഗത്തെകുറിച്ചുള്ള അവബോധം, സ്ത്രീകളെ രോഗം തടയുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ഹൃദ്രോഗം മൂലം ഉണ്ടാകുന്ന മരണം ഒഴിവാക്കുന്നതിനും ഇടയാക്കുമെന്നു ഡോ. ലഷ്മി മേത്ത നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍