നോര്‍ക്ക ഏകദിന ശില്പശാല
Wednesday, February 10, 2016 7:24 AM IST
ബംഗളൂരു: കേരളസര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഫീല്‍ഡ് ലെവല്‍ നോഡല്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നെലമംഗല റോയല്‍ കോളജ് ഓഫ് നഴ്സിംഗില്‍ നടന്ന പരിശീലന പരിപാടി ബംഗളൂരു കസ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ പി. ഗോപകുമാര്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി ഇന്‍സ്റിറ്റ്യൂഷന്‍ സെക്രട്ടറി വി.ജെ. റോസമ്മ, ജയ്ജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റംസ് സൂപ്രണ്ട് എം.ജി. കോദാണ്ഡറാം, നോര്‍ക്ക ഡവലപ്മെന്റ് ഓഫീസര്‍ ട്രീസ തോമസ്,ടിംബര്‍ മീഡിയ സിഇഒ മാത്യുക്കുട്ടി സെബാസ്റ്റ്യന്‍, ഒയാസിസ് ട്രാവല്‍സ് സിഇഒ റെജി മാത്യു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസുകള്‍ നയിച്ചു. പരിപാടിയില്‍, നേരിട്ട് നോര്‍ക്ക റൂട്ട്സ് വഴി രജിസ്റ്റര്‍ ചെയ്തവരും ബിഎസ്സി, ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥികളുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ പങ്കെടുത്തു. വിദേശത്തേക്ക് പുറപ്പെടുന്നതിനു മുമ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വിദേശത്തെ തൊഴില്‍ സാഹചര്യങ്ങള്‍, വീസ-എമിഗ്രേഷന്‍-കസ്റംസ് നിയമങ്ങള്‍, യാത്രാ നിബന്ധനകള്‍, തൊഴില്‍ സംസ്കാരം തുടങ്ങിയ സെഷനുകളാണ് ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി റോയല്‍ കോളജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തില്‍ യശ്വന്തപുര സര്‍ക്കിളില്‍ നിന്ന് വാഹന സൌകര്യവും ഒരുക്കിയിരുന്നു.