അടുത്തവര്‍ഷം 35,000 വീടുകളില്‍ ഗ്യാസ് പൈപ്പ് ലൈന്‍
Wednesday, February 10, 2016 7:23 AM IST
ബംഗളൂരു: പാചകവാതക സിലിണ്ടറുകള്‍ക്കു പകരം പൈപ്പ് ലൈനുകള്‍ എത്തുന്നു. അടുത്തവര്‍ഷം നഗരത്തിലെ 35,000 വീടുകളെ ഗ്യാസ് പൈപ്പ് ലൈനുമായി (പിഎന്‍ജി) ബന്ധപ്പെടുത്തുമെന്ന് ഗെയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് കുമാര്‍ പാല്‍ അറിയിച്ചു. നഗരത്തില്‍ 105 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ നിര്‍മിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. അടുത്തവര്‍ഷം 500 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി, മുംബൈ, ലക്നോ, സൂറത്ത്, അഹമ്മദാബാദ്, ഇന്‍ഡോര്‍, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങള്‍ക്കു സമാനമായി ബംഗളൂരുവിലും പാചകവാതക വിതരണം പൈപ്പ് ലൈന്‍ വഴി വീടുകളിലേക്കു നേരിട്ടു നല്കാനാണ് പദ്ധതി.

ഇതിനായി അഞ്ചു വര്‍ഷം കൊണ്ട് 2,000 കിലോമീറ്റര്‍ പൈപ്പ് ലൈനാണ് കമ്പനി സ്ഥാപിക്കുന്നത്. നഗരത്തിലെ 1,250 വീടുകളില്‍ മാര്‍ച്ച് 31നകം പൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കും.

എച്ച്എസ്ആര്‍ ലേഔട്ട്, ബെല്ലന്ദുര്‍, സിംഗസാന്ദ്ര, ഭെല്‍ കോളനി, ഔട്ടര്‍ റിംഗ് റോഡ് എന്നിവിടങ്ങളിലാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ സുമനഹള്ളി, ഹെന്നൂര്‍, പീനിയ എന്നിവിടങ്ങളില്‍ സിഎന്‍ജി സ്റേഷനുകള്‍ തുറക്കും. 35 സ്റേഷനുകളെങ്കിലും ഇത്തരത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം. സുമനഹള്ളിയിലായിരിക്കും പ്രധാന സ്റേഷന്‍. സിലിണ്ടറിനെക്കാള്‍ ചെലവു കുറവാണെന്നു മാത്രമല്ല, കൂടുതല്‍ സുരക്ഷിതവുമാണ് പൈപ്പ് ലൈന്‍ ഗ്യാസ്.