യുവധാര കണ്‍വന്‍ഷന്‍ പതിപ്പ്; മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യും
Tuesday, February 9, 2016 8:17 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ യുവധാരയുടെ മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രത്യേക പതിപ്പിന്റെ പ്രകാശനം കണ്‍വന്‍ഷന്റെ ആദ്യ ദിനം നടക്കും. മണല്‍പ്പുറത്ത് തയാറാക്കിയിരിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സ്റാളില്‍ ഫെബ്രുവരി 14നു (ഞായര്‍) വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ യുവജനസഖ്യം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.

ഭദ്രാസന യുവജനങ്ങളുടെ ദര്‍ശനങ്ങളുടെ നേര്‍രേഖയായി ആശയസമ്പുഷ്ടമായ യുവധാര മാരാമണ്‍ പതിപ്പിന്റെ ചിന്താവിഷം 'കുടുംബത്തിന്റെ ഭദ്രത ലോകത്തിന്റെ പ്രത്യാശ' എന്നതാണ്. വിഷയാസ്പദമായ പഠനങ്ങളും ലേഖനങ്ങളും കവിതകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറങ്ങുന്ന യുവധാര വായനയുടെ സുന്ദരനിമിഷങ്ങളെ സമ്മാനിക്കും. മാര്‍ത്തോമ സഭയുടെ കാലം ചെയ്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിനെക്കുറിച്ച് മധുരമുള്ള സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന 'കരുതലായി പെയ്തിറങ്ങിയ കാരുണ്യം' എന്ന ഓര്‍മക്കുറിപ്പുകള്‍ ഈ ലക്കത്തില്‍ അടങ്ങിയിരിക്കുന്നു. യുവധാരാ മാരാമണ്‍ സ്പെഷല്‍ പതിപ്പ് സാക്ഷാത്കരിക്കുന്നതിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചത് കോശി ഉമ്മന്‍ (മനോജ്) ആണ്. യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി അജു മാത്യു (ചീഫ് എഡിറ്റര്‍), ബെന്നി പരിമണം, ഷൈജു വര്‍ഗീസ്, ഉമ്മച്ചന്‍ മാത്യു, റോജിഷ് സാം, സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ റവ. ബിനോയ് ജെ. തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ബിനു സി. സാമുവല്‍ (വൈസ് പ്രസിഡന്റ്), റജി ജോസഫ് (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), മാത്യൂസ് തോമസ് (ട്രഷറര്‍), ലാജി തോമസ് (ഭദ്രാസന അംസബ്ളി അംഗം) എന്നിവര്‍ അടങ്ങിയ യുവജനസഖ്യം കൌണ്‍സില്‍ യുവധാരയുടെ പ്രസിദ്ധീകരണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.