മെട്രോ ഭൂമി ബിഎംസിആര്‍എല്‍ പാട്ടത്തിനു നല്കുന്നു
Tuesday, February 9, 2016 6:57 AM IST
ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലവും 34.60 ഏക്കര്‍ ഭൂമിയും ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംസിആര്‍എല്‍) പാട്ടത്തിനു നല്കും. മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനും ബിഎംസിആര്‍എല്ലിന്റെ കടബാധ്യത തീര്‍ക്കുന്നതിനുമാണ് ഭൂമി വിട്ടുനല്കുന്നത്. അമ്പതു മുതല്‍ 60 വരെ വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനു നല്കുന്നത്. ബിഎംസിആര്‍എല്ലിന്റെ പക്കലുള്ള ഭൂമിയില്‍ വാണിജ്യസ്ഥാപനങ്ങളുടെ വികസനത്തിന് വന്‍തുക നിക്ഷേപം നടത്താന്‍ സാധ്യതയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് എംഡി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.നഗരത്തില്‍ ഏഴു കേന്ദ്രങ്ങളില്‍ ബിഎംസിആര്‍എല്ലിന് ഭൂമിയുണ്ട്. നാഗസാന്ദ്ര സ്റേഷനില്‍ 14 ഏക്കറും പീനിയ സ്റേഷനു സമീപം അഞ്ച് ഏക്കറുംമൈസൂരു റോഡ് സ്റ്റേഷനു സമീപംആറ്ഏക്കറുംഭൂമിയുണ്ട്.

ലൈറ്റ് റെയില്‍: ടെന്‍ഡര്‍ ഉടന്‍

ബംഗളൂരു: നഗരത്തിലെ ലൈറ്റ് റെയില്‍, സബര്‍ബന്‍ റെയില്‍ പദ്ധതികള്‍ക്ക് പച്ചക്കൊടി. ലൈറ്റ് റെയില്‍ പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. 42 കിലോമീറ്ററില്‍ നിര്‍മിക്കുന്ന എലവേറ്റഡ് കോറിഡോറിന് 10,875 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ലൈറ്റ് റെയിലില്‍ രണ്ടു ഇടനാഴികളിലായി 35 സ്റ്റേഷനുകളുണ്ടാകും. ജെപി നഗറില്‍ നിന്ന് ഹെബ്ബാള്‍ ഔട്ടര്‍ റിംഗ് റോഡിലേക്കും വിജയനഗര ടോള്‍ ഗേറ്റില്‍ നിന്ന് മാഗഡി റോഡിലേക്കുമാണ് ഇടനാഴി നിര്‍മിക്കുന്നത്. പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൌകര്യ വികസന വകുപ്പ് വിശദ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിനുകള്‍ സഞ്ചരിക്കുക.

ബംഗളൂരുവില്‍ സബര്‍ബന്‍ റെയില്‍വേ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി സംയുക്ത കമ്പനി സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.