ഡാളസ് മലയാളി അസോസിയേഷന്‍ റിപബ്ളിക് ദിനം ആഘോഷിച്ചു
Saturday, February 6, 2016 5:37 AM IST
ഡാളസ്: സ്വതന്ത്ര ഭാരതത്തിന്റെ അറുപത്തിയേഴാമതു റിപബ്ളിക് ദിനം ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇര്‍വിംഗ് കിംഗ്ലി ഹാളില്‍ ആഘോഷിച്ചു.

രാജ്യാന്തര തലങ്ങളില്‍ ഇന്‍ഡ്യ നേടിക്കൊണ്ടിരിക്കുന്ന സമഗ്ര വികസനത്തില്‍ പ്രവാസി ഭാരതീയര്‍ അഭിമാനപുളകിതരാണെന്നു മുഖ്യപ്രസംഗം നടത്തിക്കൊണ്ട് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജു ചാമത്തില്‍ പറഞ്ഞു. പക്ഷെ ദാരിദ്യ്രത്തിന്റെയും വംശീയതയുടെയും പുതിയ മുഖങ്ങള്‍ ഭാരതത്തിന്റെ യശസിനു പലപ്പോഴും കളങ്കമായിത്തീരുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭാരതീയര്‍ക്കു ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരുപാടു സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ പൌരാണീകത പകര്‍ന്നു നല്‍കിയ സാഹോദര്യത്വ മനോഭാവവും സഹനവും അഹിംസാദര്‍ശനങ്ങളും സദ്ചിന്തകളും സമന്വയിച്ചിച്ചു സഹിണുതയോടെ നടത്തിയ സമരങ്ങളുടെ പ്രതിഫലമാണ് ഇന്‍ഡ്യയുടെ സ്വാതന്ത്യ്രമെന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബിജു തോമസ് പറഞ്ഞു.

പ്രമൂഖ മാദ്ധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടി എന്‍ ഗോമപകുമാറിന്റെ അകാലനിര്യാണത്തില്‍ സമ്മേളനം അനുശോചിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍, സെക്രട്ടറി സാം മത്തായി തുടങ്ങിയവരും സംസാരിച്ചു.