ഡാളസില്‍ മഹാത്മാഗാന്ധി രക്തസാക്ഷിദിനാചരണം നടത്തി
Saturday, February 6, 2016 5:36 AM IST
ഡാളസ്: ഇന്‍ഡ്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് ഡാളസ് ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ പ്രത്യേക അനുസ്മരണാ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

രാഷ്ട്രപിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ജനുവരി 30-നു രാവിലെ ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു.

മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സാസ് (എംജിഎംഎല്‍റ്റി) ആണു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചതിനുശേഷം എംജിഎംഎല്‍റ്റി ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കൂറ അനുസ്മരണ പ്രസംഗം നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്വത്തില്‍ നിന്നും ഇന്‍ഡ്യന്‍ ജനതയെ സ്വതന്ത്രരാക്കുന്നതിനു മഹാത്മജി സ്വീകരിച്ച സമരമുറകള്‍ക്ക് ആനുകാലിക പ്രസക്തി വര്‍ധിച്ചുവരികയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

കലുഷിതവും മലീമസുമായ സമൂഹത്തില്‍ സ്നേഹവും, ഐക്യവും നിലനിര്‍ത്തുന്നതിനു മഹാത്മാഗാന്ധി നടത്തിയ ശ്രമങ്ങള്‍ പിന്തുടരുവാന്‍ നാം ബാധ്യസ്ഥരാണെന്നു സെക്രട്ടറി റാവു കല്‍വാല അഭിപ്രായപ്പെട്ടു. കുണല്‍ വാല, ഷബ്നം എന്നിവരും മഹാത്മജിയുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. ഡോ. വിശ്വനാഥം, ഗോപാലപിള്ള, രാഹുല്‍, ജോണ്‍ ഷെറി, അലക്സ് അലക്സാണ്ടര്‍, ഏലിക്കുട്ടി ഫ്രാന്‍സീസ്, സത്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഷാജി രാമപുരം തുടങ്ങിയവര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍