സാന്റാഅന്നയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Friday, February 5, 2016 7:39 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു.

ജേണസച്ചന്‍ തന്റെ വചനസന്ദേശത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുകയും തിരുനാള്‍ ആശംസിക്കുകയും ചെയ്തു. കൂരമ്പുകളെ പൂമലര്‍ പോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരേയും വിശുദ്ധന്‍ വെല്ലുവിളിക്കുന്നതായി കാണാം. വിശുദ്ധന്റെ ധന്യജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ആ ജീവിതമാതൃക നമ്മില്‍ ഉണ്ടാവണമെന്നും അച്ചന്‍ പറഞ്ഞു.

ദിവ്യബലിക്കുശേഷം പൊന്നിന്‍കുരിശും മുത്തുക്കുടകളുമായി വാദ്യമേളങ്ങളോടെ നഗരികാണിക്കല്‍ പ്രദക്ഷിണവും, കഴുന്ന് (അമ്പ്) എഴുന്നള്ളിക്കലും നടന്നു. ഇടവക ഗായകസംഘം വിശുദ്ധന്റെ ഭക്തിഗാനങ്ങള്‍ ആലപിച്ചു. ജോസുകുട്ടി പാമ്പാടിയും സംഘാംഗങ്ങളും ചേര്‍ന്നൊരുക്കിയ വാദ്യമേളം തിരുനാളിനു മോടിപകര്‍ന്നു.

സെബാസ്റ്യന്‍ വെള്ളൂക്കുന്നേലിന്റെ നേതൃത്വത്തില്‍ വിശുദ്ധന്റെ നാമഥേയരും മറ്റു ഏതാനും കുടുംബങ്ങളും ചേര്‍ന്നാണു തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

കൈക്കാരന്മാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സ്നേഹവിരുന്ന് തയാറാക്കിയത് ബെന്നീസ് കേറ്ററിംഗാണ്. ട്രാവിസ് തോമസ് ദൃശ്യങ്ങള്‍ പകര്‍ത്തി. സാക്രിസ്റി ജോവി തുണ്ടിയില്‍ അള്‍ത്താരയും വിശുദ്ധന്റെ രൂപവും അലങ്കരിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ (പിആര്‍ഒ, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം