ലോക കാന്‍സര്‍ ദിനം: അല്‍ റയാന്‍ അല്‍ മുന ബോധവത്കരണം സംഘടിപ്പിച്ചു
Thursday, February 4, 2016 10:15 AM IST
ദമാം: കാന്‍സര്‍ മരണത്തിന്റെ പര്യായമല്ലെന്നും അതീവ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ, എന്നിവമൂലം ഇന്നു മിക്ക കാന്‍സറുകളെയും കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്െടന്നും ദമാം അല്‍ റയാന്‍ പോളി ക്ളിനിക്കിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നിസാര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ദമാം അല്‍ മുന ഇന്റര്‍ നാഷണല്‍ സ്കൂളില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ബോധവത്കരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. പുകയില, മദ്യം, ചില രാസപദാര്‍ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ്. കാന്‍സറിനു കാരണങ്ങളാകുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണ രീതി, മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പായിതന്നെ ചിലതരം കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഇതിനു സ്ക്രീനിംഗ് എന്നാണ് പറയുന്നത്. ഇതിനുള്ള സൌകര്യം എല്ലാ പ്രധാന ആശുപത്രികളിലും ലഭ്യമാണ്.പുകയില തീര്‍ത്തും വര്‍ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക. മദ്യം ഉപയോഗിക്കാതിരിക്കുക. പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക. പഴവര്‍ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിട്ടയായി വ്യായാമം ശീലിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക, പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക തുടങ്ങിയ ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാതെ നോക്കാന്‍ സാധിക്കും. പുകയില ഉപയോഗം പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ കാന്‍സറിനു പ്രധാനകാരണങ്ങളാണ്. മദ്യപാനം, കൊഴുപ്പുകൂടിയ ഭക്ഷണം വ്യായമക്കുറവ് മാനസിക പിരിമുറുക്കം, കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ജീവിത രീതികള്‍ കാന്‍സറിനു ഹേതു വാകുന്നു എന്നും കണ്െടത്തിയിട്ടുണ്ട്. എന്നാല്‍ കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പള്‍ മമ്മു മാസ്റര്‍, വൈസ് പ്രിന്‍സിപ്പള്‍ ഖാദര്‍ മാസ്റര്‍, ഫവാസ് ഹുദവി റയാന്‍ ക്ളിനിക്കിന്റെ പ്രധിനിധികളായ റിജാസ് ഖാന്‍,അഷ്റഫ് ആളത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം