വെല്‍ഫയര്‍ കേരള കുവൈത്ത് സാല്‍മിയ മേഖല പ്രതിഷേധ സംഗമം നടത്തി
Thursday, February 4, 2016 7:48 AM IST
സാല്‍മിയ (കുവൈത്ത്): കേവലം സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ പേരില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജാതിയുടേയും വര്‍ണത്തിന്റെയും കുലത്തൊഴിലിന്റേയും പേരില്‍ ജനങ്ങളെ തരം തിരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിനം തോറും വന്നുകൊണ്ടിരിക്കുന്നതെന്ന് വെല്‍ഫയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് അഭിപ്രായപ്പെട്ടു. ജാതീയതക്കും അഴിമതിക്കും വാഗ്ദാനലംഘനങ്ങള്‍ക്കുമെതിരെ വെല്‍ഫയര്‍ കേരള കുവൈറ്റ് സാല്‍മിയ മേഖല സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന് അഴിമതിയിലും അധാര്‍മികതയിലും മുങ്ങിക്കുളിച്ചിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്നത് പ്രതിപക്ഷത്തിന്റെ സഹകരണമുള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെല്‍ഫയര്‍ കേരള കുവൈത്ത് സാല്‍മിയ മേഖല പ്രസിഡന്റ് ഹസനുല്‍ബന്ന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭൂസമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വെല്‍ഫയര്‍ കേരള കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് അനിയന്‍ കുഞ്ഞിനു സ്വീകരണം നല്‍കി. സിറാജ് സ്രാമ്പിക്കല്‍, സെക്രട്ടറി സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍