ഫോമയുടെ നാടകോത്സവം
Thursday, February 4, 2016 7:43 AM IST
ഫ്ളോറിഡ: ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാള നാടകമത്സരത്തിനു വേദിയാകുകയാണു മയാമി. ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ ജൂലൈ ഏഴു മുതല്‍ 10 വരെയാണു കണ്‍വന്‍ഷന്‍.

കലിഫോര്‍ണിയ, മേരിലാന്‍ഡ്, ഫ്ളോറിഡ തുടങ്ങി വിവിധ റീജണുകളില്‍ നിന്ന് ആറിലധികം ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധ അറിയിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് നാടകമത്സരത്തിനു ലഭിക്കുന്നതെന്നു സംഘാടകര്‍ അവകാശപ്പെട്ടു.

നേരത്തെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ വന്‍ വിജയമായിരുന്ന നാടകോത്സവം ഈ വര്‍ഷവും വേണമെന്ന ആവശ്യം അന്നേ ഉയര്‍ന്നിരുന്നു. അന്നത്തെ സംഘാടകരുടെ പ്രവര്‍ത്തന മികവില്‍ പുതിയൊരു കലാ കൌതുകത്തിനു ഫോമ കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിച്ചു.

വെസ്റേണ്‍ റീജണല്‍ വൈസ് പ്രസിഡന്റ് ടോജോ തോമസിന്റെ നേതൃത്ത്വത്തില്‍ ന്യൂജേഴ്സിയില്‍നിന്നുള്ള മിത്രാസ് രാജനും ഡോ. ഷിറാസും നാടകോത്സവത്തിനു നേതൃത്വം നല്‍കും. മുപ്പതുമിനിറ്റുള്ള നാടകങ്ങളാണു മത്സരത്തിനു പരിഗണിക്കുന്നത്. മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി, സഹനടന്‍, സഹനടി എന്നിവര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്യും. നാടകോത്സവത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ പേര് രജിസ്റര്‍ ചെയ്തു തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു ഫോമ നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ (പ്രസിഡന്റ്) 954 675 3019, ഷാജി എഡ്വേര്‍ഡ് (ജനറല്‍ സെക്രട്ടറി) 917 439 0563, ജോയ് അന്തോണി (ട്രഷറര്‍) 954 328 5009, മാത്യു വര്‍ഗീസ് (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 954 234 1201, ടോജോ തോമസ് (നാടകമത്സരം ചെയര്‍മാന്‍) 925 876 2677.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്