ടി.എന്‍. ഗോപകുമാറിന്റെയും കല്‍പ്പനയുടെയും നിര്യാണത്തില്‍ കല അനുശോചിച്ചു
Wednesday, February 3, 2016 7:07 AM IST
ലോസ്ആഞ്ചലസ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാറിന്റേയും, നടി കല്‍പ്പനയുടെയും നിര്യാണത്തില്‍ കേരള അസോസിയേഷന്‍ ലോസ്ആഞ്ചലസ് (കല) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കല പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോണ്‍ മാത്യു മുട്ടം അനുശോചന പ്രമേയം അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെ മാധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗോപകുമാര്‍ എന്നു റോഷന്‍ പുത്തന്‍പുരയില്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില്‍ കൂടി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ടി.എന്‍.ജി എന്നു ജോണ്‍സണ്‍ ചീക്കന്‍പാറ പറഞ്ഞു.

പലതവണ സ്റേജ്ഷോകളോടൊപ്പം ലോസ്ആഞ്ചലസില്‍ എത്തിയിട്ടുള്ള കല്‍പ്പന, 'കല'യുടെ അടുത്ത സുഹൃത്തായിരുന്നുവെന്നു പ്രസിഡന്റ് സോദരന്‍ വര്‍ഗീസ് അറിയിച്ചു. മലയാള സിനിമയില്‍ തന്റേതായ ശൈലിയില്‍ കാണികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടിയായിരുന്നു കല്‍പ്പന എന്ന് രശ്മി നായര്‍ പറഞ്ഞു. മലയാളികളുടെ മനസില്‍ കല്‍പ്പനയുടെ ഓര്‍മ്മ എന്നെന്നും മായാതെ നില്‍ക്കുമെന്നു വൈസ് പ്രസിഡന്റ് ജിമ്മി കിഴാരത്ത് പറഞ്ഞു.

ജോണ്‍സണ്‍ ചീക്കന്‍പാറയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ സോദരന്‍ വര്‍ഗീസ്, സണ്ണി നടുവിലേക്കുറ്റ്, ജിമ്മി കീഴാരം, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, സുകുമാരന്‍ നായര്‍, ഫിറോസ് മുസ്തഫ, റോഷന്‍ പുത്തന്‍പുരയില്‍, രശ്മി നായര്‍, ജോണ്‍ മുട്ടം, ജോസഫ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു. കലയുടെ ജോയിന്റ് സെക്രട്ടറി ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം