പൊന്നു പിള്ള മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ്
Tuesday, February 2, 2016 8:53 AM IST
ഹ്യൂസ്റണ്‍: ഹ്യൂസ്റണിലെ സാമൂഹ്യ-സാംസ്കാരിക വേദികളില്‍ നിറസാന്നിധ്യവും ഒരു തികഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തകയുമായ പൊന്നു പിള്ളയെ ഹ്യൂസ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

1979-ല്‍ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ള ഹൂസ്റണില്‍ സ്ഥിരതാമസമാക്കുകയും താമസിയാതെ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊന്നുപിള്ളയെ സംബന്ധിച്ചിടത്തോളം ജന്മസിദ്ധമാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ നഴ്സുമാര്‍ക്കുവേണ്ടി നേതൃനിരയില്‍ പ്രവര്‍ത്തിച്ച പരിചയവും അനുഭവസമ്പത്തും ഹൂസ്റണിലെ മലയാളികളുടെ പൊതുകാര്യങ്ങളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സഹായിച്ചു.

ഹൂസ്റണിലെ മലയാളി അസോസിയേഷനില്‍ നീണ്ട പതിനാറു വര്‍ഷം കമ്മിറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമൂഹത്തിലെ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍വേണ്ടി യൂത്ത് ഫോറം, വിമന്‍സ് ഫോറം എന്നീ ഫോറങ്ങള്‍ സംഘടിപ്പിച്ച് അസോസിയേഷനെ ബലപ്പെടുത്താനും പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 2002-ല്‍ തുടങ്ങിവച്ച കേരള സീനിയേഴ്സ് ഫോറത്തിന്റെ കോഓര്‍ഡിനേറ്ററായി തുടരുന്നു. ഇടയ്ക്ക് നാലുവര്‍ഷം വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹൂസ്റണ്‍ ചാപ്റ്ററില്‍ ചേര്‍ന്നു പ്രസിഡന്റായി പ്രവര്‍ത്തിക്കാനും പൊന്നു പിള്ള സമയം കണ്െടത്തി. 2008-ല്‍ ഹൂസ്റണില്‍ നടന്ന ഫൊക്കാന/ഫോമാ കണ്‍വന്‍ഷനില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സനായി പ്രവര്‍ത്തിച്ചു.

കേരള ഹിന്ദു സൊസൈറ്റിയിലും തന്റെ സേവനങ്ങള്‍ തുടര്‍ന്നു. സംഘടനയെ ബലപ്പെടുത്താനും സാമ്പത്തിക നേട്ടം കൈവരുത്താനും പൊന്നു പിള്ളയുടെ സേവനങ്ങള്‍ സഹായിച്ചു. നഴ്സസ് സംഘടനയായ ഇന്തോ-അമേരിക്കന്‍ നഴ്സസ് അസോസിയേഷനില്‍ അംഗത്വമെടുത്ത് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രേറ്റര്‍ ഹൂസ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റായും നാഷണല്‍ നായര്‍ സര്‍വീസ് സൊസൈറ്റി ട്രഷററായും പ്രവര്‍ത്തിക്കുന്നു. ഹൂസ്റണിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റുമാണ്.

പൊന്നു പിള്ളയെ സംബന്ധിച്ചിടത്തോളം ജാതിമതഭേദമന്യേ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നൈസര്‍ഗീകമായ വരദാനമാണെന്നു തോന്നുന്നു. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരിക്കുമ്പോഴും ജീവകാരുണ്യ രംഗങ്ങളില്‍നിന്ന് വിട്ടുനിന്നിട്ടില്ല. എവിടെ എങ്ങനെ സഹായം ചെയ്യാന്‍ കഴിയുമോ അതൊക്കെ സ്വന്തം നിലയിലും സംഘടനയിലൂടെയും ചെയ്തിട്ടുണ്ട്. അതില്‍, നാട്ടില്‍ ഒന്നിലധികം പെണ്‍കുട്ടികളെ നഴ്സിംഗ് പഠിപ്പിക്കുന്നതും കഴിയുന്നത്രയും പണം സമാഹരിച്ച് ടെലിവിഷനില്‍ 'കണ്ണാടി' മുതലായ പരിപാടികളില്‍ പരിചയപ്പെടുത്തുന്ന അവശര്‍ക്കും നിര്‍ധനര്‍ക്കും അല്ലാതെ അറിയുന്ന അര്‍ഹതപ്പെട്ടവര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നത് സാധാരണയാണ്. പൊന്നു പിള്ളയുടെ നിസ്തുല സേവനങ്ങള്‍ കണക്കിലെടുത്ത് പല സംഘടനകള്‍ പൊന്നാട അണിയിച്ചും ഫലകങ്ങള്‍ നല്‍കിയും ആദരിച്ചിട്ടുണ്ട്.

ഒരു തികഞ്ഞ ഭാഷാസ്നേഹിയും വായന തത്പരയുമായ പൊന്നു പിള്ള എല്ലാ പുസ്തകങ്ങളും പ്രത്യേകിച്ച് അമേരിക്കയിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.

മലയാളം സൊസൈറ്റിയുടെ സമ്മേളനങ്ങളില്‍ സ്ഥിരം പങ്കെടുത്ത് വിദഗ്ധമായ അഭിപ്രായങ്ങളും സൃഷ്ടിപരമായ വിമര്‍ശനങ്ങളും നല്‍കാറുള്ള പൊന്നു പിള്ളയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ അംഗങ്ങള്‍ സംതൃപ്തി പ്രകടിപ്പിച്ചു. മലയാളം സൊസൈറ്റിപോലെ അമേരിക്കയില്‍ ഭാഷയുടെ പരിപോഷണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വേദിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്െടന്ന് പൊന്നു പിള്ള അറിയിച്ചു.