പൊന്നു പിള്ള മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ്
Tuesday, February 2, 2016 7:51 AM IST
ഹൂസ്റന്‍: തികഞ്ഞ ഭാഷാസ്നേഹിയും ഹൂസ്റനിലെ സാമൂഹ്യ-സാംസ്ക്കാരിക വേദികളില്‍ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തകയുമായ പൊന്നു പിള്ളയെ ഹൂസ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

1979-ല്‍ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ള ഹൂസ്റനില്‍ സ്ഥിരതാമസമാക്കുകയും താമസിയാതെ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. ഹൂസ്റന്‍ മലയാളി അസ്സോസിയേഷനിലെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹ്യ-ജീവിതത്തിലെ പൊന്‍തൂവലായി നിലനില്‍ക്കുന്നു. നീണ്ട പതിനാറു വര്‍ഷം കമ്മിറ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമൂഹത്തിലെ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍വേണ്ടി യൂത്ത് ഫോറം, വിമന്‍സ് ഫോറം മുതലായ ഫോറങ്ങള്‍ സംഘടിപ്പിച്ച് അസോസിയേഷനെ ബലപ്പെടുത്താനും പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 2002-ല്‍ അവര്‍ തുടങ്ങിവച്ച കേരളാ സീനിയേഴ്സ് ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ഇന്നും തുടരുന്നു. ഇടയ്ക്ക് നാലുവര്‍ഷം വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹ്യൂസ്റന്‍ ചാപ്റ്ററില്‍ ചേര്‍ന്നു അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാനും പൊന്നു പിള്ള സമയം കണ്െടത്തി. 2008-ല്‍ ഹ്യൂസ്റനില്‍ നടന്ന ഫൊക്കാന/ഫോമാ കണ്‍വന്‍ഷനില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സനായി പ്രവര്‍ത്തിച്ചു. അതോടൊപ്പംതന്നെ കേരളാ ഹിന്ദു സൊസൈറ്റിയിലും തന്റെ സേവനങ്ങള്‍ തുടര്‍ന്നു. അവിടെ സംഘടനയെ ബലപ്പെടുത്താനും സാമ്പത്തിക നേട്ടം കൈവരുത്താനും പൊന്നു പിള്ളയുടെ സേവനങ്ങള്‍ സഹായിച്ചു. നഴ്സസ് സംഘടനയായ ഇന്‍ഡൊ അമേരിക്കന്‍ നെഴ്സസ് അസോസിയേഷനില്‍ അംഗത്വമെടുത്ത് കമ്മിറ്റി മെമ്പര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രേറ്റര്‍ ഹൂസ്റന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്റായും നാഷണല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ഹ്യൂസ്റനിലെ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റുമാണ്.

മലയാളം സൊസൈറ്റിപോലെ അമേരിക്കയില്‍ ഭാഷയുടെ പരിപോഷണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വേദിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്െടന്ന് പൊന്നു പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്