ഐഎന്‍ഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ റിപ്പബ്ളിക് ദിനാഘോഷം നടത്തി
Monday, February 1, 2016 8:58 AM IST
ഫിലഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 67-ാമത് റിപ്പബ്ളിക് ദിനാഘോഷം അസന്‍ഷന്‍ മാര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം മുഖ്യാതിഥിയായി പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റും കേരള ഹൈക്കോടതിയിലെ ഗവ. പ്ളീഡറുമായ അഡ്വ. ലാലി വിന്‍സെന്റിനെ സദസിനു പരിചയപ്പെടുത്തി. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ താന്‍ നിലകൊള്ളുമെന്നും പ്രവാസികളുടെ രാജ്യസ്നേഹത്തേയും കഠിനാധ്വാനത്തെയും ബഹുമാനിക്കുന്നു വെന്നും പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന കുതിപ്പ് ജനങ്ങള്‍ ഹൃദയത്തില്‍ എഴുതിചേര്‍ത്തുവെന്നും അതുകൊണ്ടുതന്നെ ഐക്യജനാധിപത്യമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രെന്‍ഡന്‍ ബൊയ്ല്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും പ്രവാസികളായ കേരളീയരെ കുറിച്ചും സംസാരിച്ചു.

തുടര്‍ന്നു ബിജു ചന്ദ്രകളഭം എന്ന ഗാനം ആലപിച്ചു. ജീമോന്‍ ജോര്‍ജ് യുഎസ് സെനറ്റര്‍ പാറ്റ് റ്റോമിയുടെ മെസേജ് വായിച്ചു. ഐഎന്‍ഒസിക്ക് യുഎസ് സെനറ്റര്‍ നല്‍കിയ സര്‍ട്ടിഫിക്കേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജനു കൈമാറി.

ചാപ്റ്റര്‍ കമ്മിറ്റി മെംബര്‍ സുധാകര്‍ത്താ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദേശം വായിച്ചു. തുടര്‍ന്നു കലാസന്ധ്യയും അരങ്ങേറി. ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം പൊതുസമ്മേളനത്തിന്റെ എം.സി. ആയി പ്രവര്‍ത്തിച്ചു. അന്തരിച്ച മുന്‍ എംപിയും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഐഎന്‍ഒസി നാഷണല്‍ യുഎസ്എ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ഡിപ്പ്പള്ളി, ഐഎന്‍ഒസി നാഷണല്‍ കേരള പ്രസിഡന്റ് അഡ്വ. ജോസ് കുന്നേല്‍, കമ്മിറ്റി അംഗം അലക്സ് തോമസ് ചാപ്റ്റര്‍ ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട്, ചാപ്റ്റര്‍ ജോ. ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, മുന്‍ ജനറല്‍ സെക്രട്ടറി സാബു സ്കറിയ, പി.കെ. സോമരാജന്‍, ജോ. സെക്രട്ടറി ചെറിയാന്‍ കോശി എന്നിവര്‍ സംസാരിച്ചു.