സത്യവിശ്വാസം സന്തോഷം പകരണം: സുലൈ ഇസ്ലാഹി സംഗമം
Monday, February 1, 2016 7:22 AM IST
റിയാദ്: വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ സന്തോഷ നിമിഷങ്ങളെ തിരിച്ചറിഞ്ഞു സമൂഹത്തിനു നന്മകള്‍ പകര്‍ന്നു നല്‍കാന്‍ വിശ്വാസിസമൂഹം മുന്നോട്ടു വരണമെന്നു സുലൈ ഇസ്ലാഹി കുടുംബ സംഗമം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയും പകയും വെറുപ്പും പരസ്പരം വിശ്വാസമില്ലായ്മയും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ സ്നേഹവും കാരുണ്യവും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചു കൊണ്ട് സഹിഷ്ണതയുടെ പ്രവാചകന്റെ ജീവിതമാതൃക പിന്‍പറ്റാന്‍ എല്ലാവരും യത്നിക്കണമെന്നു സംഗമം ആഹ്വാനം ചെയ്തു.

സുലൈ ജാമിഉ തൌഹീദില്‍ നടന്ന കുടുംബ സംഗമം ശൈഖ് അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ഉബൈദി (ഇമാം സഊദ് യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു. സുലൈ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ഉബൈദ് തച്ചമ്പാറ അധ്യക്ഷത വഹിച്ചു. സത്യവിശ്വാസിയുടെ സന്തോഷനിമിഷങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുസുബ്ഹാന്‍ സ്വലാഹി പറവണ്ണ (ജുബൈല്‍ ദഅ്വാ സെന്റര്‍) മുഖ്യ പ്രഭാഷണം നടത്തി. മുബാറക് സലഫി (ശിഫ ദഅ്വ സെന്റര്‍), ഡോ. സ്വബാഹ് മൌലവി (പ്രസിഡന്റ്, ബത്ഹ ഇസ്ലാഹി സെന്റര്‍), മൊയ്തീന്‍ ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശിഫ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി സ്വാഗതം പറഞ്ഞു. സെന്റര്‍ ഭാരവാഹികളായ അബ്ദുറഹ്മാന്‍ അമരമ്പലം, അക്ബര്‍ അലി, ഫയാസ് കോഴിക്കോട്, ഫൈസല്‍ അത്തോളി, സഫീര്‍ രാമപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍