ഡൊണാള്‍ഡ് ട്രംപ് അഞ്ചു മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന ആവശ്യപ്പെട്ടു
Friday, January 29, 2016 8:47 AM IST
ഐഒവ: ഫോക്സ് ന്യൂസ് സംഘടിപ്പിച്ച റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്സ് നെറ്റ് വര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന നല്‍കണമെന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ഫോക്സ് സംഘടിപ്പിക്കുന്ന ഡിബേറ്റില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാണ് ആദ്യം ട്രംപ് തീരുമാനിച്ചിരുന്നത്. വിവേചനപരമായി പെരുമാറുന്നു എന്നാണു ട്രംപ് ഇതിനു കാരണമായി ചൂണ്ടികാട്ടിയത്.

ട്രംപിന്റെ ആവശ്യം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല എന്ന് ഫോക്സ് ന്യൂസ് സ്പോക്ക്പേഴ്സണ്‍ വ്യക്തമാക്കി.

ഡിബേറ്റിനു നേതൃത്വം നല്‍കുന്ന മോഡറേറ്റര്‍ മെഗിന്‍ കെല്ലിയുമായി അഭിപ്രായ വ്യത്യാസമുള്ളതായും ട്രംപ് കേന്ദ്രങ്ങള്‍ അറിയിച്ചു.

അയോവയില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ട്രംപും ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒപ്പത്തിനൊപ്പമാണ്. എങ്കിലും ട്രംപിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്.

പ്രൈമറി തെരഞ്ഞെടുപ്പു അടുക്കുംതോറും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ട്രംപിന്റെ നിലമെച്ചപ്പെട്ടു വരികയാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ, റിപ്പബ്ളിക്കന്‍ പാര്‍ട്ടി ട്രംപിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വൈറ്റ് ഹൌസ് ഒരിക്കല്‍ കൂടി തങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍