എസ്ബി അലുംമ്നി അവാര്‍ഡ് നൈറ്റ് വര്‍ണാഭമായി
Thursday, January 28, 2016 6:29 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് ദാനം ജനുവരി 17-നു ഞായറാഴ്ച വൈകുന്നേരം 6.30-നു ഡസ്പ്ളെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രാവല്‍സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ നടത്തി.

ഹൈസ്കൂള്‍ തലത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന അംഗങ്ങളുടെ മക്കളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. അവാര്‍ഡിനു അര്‍ഹരായവര്‍ക്ക് സമ്മാനമായി മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, എക്സലന്‍സ് സര്‍ട്ടിഫിക്കറ്റും, സംഘടനയുടെ രക്ഷാധികാരിയായ റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ നാല്‍പ്പതാം പൌരോഹിത്യജൂബിലി സ്മാരക കാഷ് അവാര്‍ഡും എക്സലന്‍സ് സര്‍ട്ടിഫിക്കറ്റുമാണ്.

ഈവര്‍ഷം 2014-ലെയും 2015-ലെയും അവാര്‍ഡുകള്‍ ഒന്നിച്ചു നല്‍കുകയായിരുന്നു. 2014-ലെ മാത്യു വാച്ചാപറമ്പില്‍ സ്മാരക അവാര്‍ഡ് കരസ്ഥമാക്കിയത് പരേതനായ രവി കുര്യന്‍ ആറ്റുമാലില്‍- എല്‍സ കുര്യന്‍ ദമ്പതികളുടെ മകാനായ മാര്‍ട്ടിന്‍ കുര്യനാണ്. 2015-ലെ മാത്യു വാച്ചാപറമ്പില്‍ സ്മാരക അവാര്‍ഡ് കരസ്ഥമാക്കിയത് സോവിച്ചന്‍-ജോളി ദമ്പതികളുടെ മകനായ ബ്രിയാന്‍ കുഞ്ചെറിയയും, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൌരോഹിത്യ ജൂബിലി സ്മാരക അവാര്‍ഡ് കരസ്ഥമാക്കിയത് ആല്‍ബര്‍ട്ട് വലിയവീടുമാണ്. (റോയിച്ചന്‍ -ജെയ്നി ദമ്പതികളുടെ മകനാണ് ആല്‍ബര്‍ട്ട്).

ബ്രിയാന്‍ കുഞ്ചെറിയ ഫാ. സ്റീഫന്‍ കണിപ്പള്ളിയില്‍നിന്നും, ആല്‍ബര്‍ട്ടിനുവേണ്ടി മാതാപിതാക്കളായ റോയിച്ചനും ജെയ്നിയും ടോമി മേത്തിപ്പാറയില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഗുഡ്വിന്‍ ഫ്രാന്‍സിസ്, ജസ്റീന ഫ്രാന്‍സീസ്, ഗ്രേസ്ലിന്‍ ഫ്രാന്‍സിസ് എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി അവാര്‍ഡ് നൈറ്റ് ആരംഭിച്ചു. ഷിബു അഗസ്റിന്‍ സ്വാഗതം പറഞ്ഞു. ജിജി മാടപ്പാട്ട് അധ്യക്ഷതവഹിച്ചു. ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി നിയുക്ത സഹവികാരി ഫാ. സ്റീഫന്‍ കണിപ്പള്ളി മുഖ്യാതിഥിയായിരുന്നു. ഷിക്കാഗോ പോലീസ് സീനിയര്‍ ഉദ്യോഗസ്ഥനായ ടോമി മേത്തിപ്പാറ വിശിഷ്ടാതിഥിയായി സന്നിഹിതനായിരുന്നു.

ഫാ. സ്റീഫന്‍ കണിപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ടോമി മേത്തിപ്പാറയും, എസ്.ബി അലുംമ്നി അംഗങ്ങളായ സണ്ണി വള്ളിക്കളവും, ആന്റണി ഫ്രാന്‍സിസും പ്രസംഗിച്ചു. ജെന്നി വള്ളിക്കളത്തിന്റെ നൃത്തച്ചുവടുകള്‍ നയനാനന്ദകരമായി. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥികള്‍ പാടിയ ഗാനം ശ്രുതിമധുരവും കര്‍ണാനന്ദകരവുമായി. ഗുഡ്വിന്‍ ഫ്രാന്‍സിസും ജാസ്മിന്‍ വര്‍ഗീസും എം.സിമാരായിരുന്നു.

അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചതിനു നേതൃത്വം നല്‍കിയത് ജിജി മാടപ്പാട്ട്, ഷിബു അഗസ്റിന്‍, ബിജി കൊല്ലാപുരം, ആന്റണി ഫ്രാന്‍സീസ്, ജയിംസ് ഓലിക്കര, ജോജോ വെങ്ങാന്തറ, ഷാജി കൈലാത്ത്, മോനിച്ചന്‍ നടയ്ക്കപ്പാടം, ബോബന്‍ കളത്തില്‍, ഷീബ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം, ജോഷി വള്ളിക്കളം, സണ്ണി വള്ളിക്കളം എന്നിവരായിരുന്നു.

ജയിംസ് ഓലിക്കര ഏവര്‍ക്കും നന്ദി പറഞ്ഞു. ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു. പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം