ഡാളസില്‍ വിന്റര്‍ഫെസ്റ് വര്‍ണാഭമായി
Thursday, January 28, 2016 2:33 AM IST
ഡാളസ് (ടെക്സാസ്): ഡാളസിലെ പ്രമുഖ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'വിന്റര്‍ഫെസ്റ്' വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണാഭമായി ആഘോഷിച്ചു.

മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിന്റര്‍ഫെസ്റ് ഇടവകയിലെ സീനിയര്‍ വൈദികന്‍ റവ.ഫാ വി.ടി. തോമസ്, ഇടവക വികാരി റവ.ഫാ. സി.ജി തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജനുവരി 17നു വൈകിട്ട് ആറിനു ഗാര്‍ലന്റിലുള്ള എംജിഎം ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കലാസന്ധ്യയില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ വിവിധ ഇടവകകളില്‍ നിന്നായി നിരവധിയാളുകള്‍ പങ്കെടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കുടുംബകലാസന്ധ്യയില്‍ പ്രായഭേദമന്യേ ഇടവകാംഗങ്ങള്‍ വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഇടവക വികാരി റവ.ഫാ. സി.ജി തോമസ്, ബിനൂപ് വര്‍ഗീസ്, ജെസ് ജോണ്‍സണ്‍, ദിലീപ് വര്‍ഗീസ്, ജിന്‍സി ജോണ്‍, സുമ സഖറിയ, ഐശ്വര്യ തോമസ്, ജിതിന്‍ സഖറിയ, ശോഭന ജോണ്‍ എന്നിവര്‍ വിവിധതരം ഗാനങ്ങള്‍ ആലപിച്ച് വിന്റര്‍ഫെസ്റ് സംഗീതസാന്ദ്രമാക്കി. ഷിബി അലക്സാണ്ടറും സംഘവും അവതരിപ്പിച്ച ന്യത്തം വേഷവിധാനത്താലും ന്യത്തചുവടുകളാലും മികവുറ്റതായിരുന്നു. ഡാളസിലെ അറിയപ്പെടുന്ന നൃത്തകലാകാരി എയ്ഞ്ചല ജോണിന്റെ നേതൃത്വത്തില്‍ ഇടവക സണ്ഡേ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തം കലാപരിപാടികള്‍ വര്‍ണാഭമാക്കി.

കുട്ടികുടെ പ്രിയപ്പെട്ട ഗാനമായ വെള്ളാരംകണ്ണുള്ള എന്ന ഗാനത്തിന് ഇടവകയിലെ കുരുന്നുപ്രതിഭകള്‍ നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍ സദസ്സ് താളാത്മയമായി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. തോമസ് ഇടിച്ചാണ്ടി, സാജന്‍ മാത്യു, പ്രസാദ് മാത്യു എന്നിവര്‍ കുടുംബസമേതം അവതരിപ്പിച്ച നൃത്തം ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ കലാസ്വാദകര്‍ക്ക് പുതിയ അനുഭവമായി.ജോണ്‍ പൌലോസിന്റെ കവിത പാരായണം, റോഷന്‍ റോയ്സ,് ജൂബി ജോണ്‍ ചേര്‍ന്നവതരിപ്പിച്ച വാദ്യസംഗീതം, മിനിഐപ്പും സംഘവും അവതരിപ്പിച്ച ന്യത്തം, എയ്ഞ്ചല ജോണിന്റെ നൃത്തം എന്നിവ കലാസന്ധ്യ പ്രൌഡഗംഭീരമാക്കി.

തങ്കം സണ്ണിയും സംഘവും അവതരിപ്പിച്ച നൃത്തം വ്യത്യസ്ത അവതരണ ശൈലിയിലൂടെ അവതരിപ്പിച്ചത് ആകര്‍ഷകമായി. ഇടവകയിലെ ബാലികാ ബാലസമാജംഗങ്ങളായ കുട്ടികള്‍ അവതരിപ്പിച്ച വിവിധതരം നൃത്തങ്ങള്‍ ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി. അലക്സ് അലക്സാണ്ടറും കുടുംബവും തോമസ് ഇടിച്ചാണ്ടിയും കുടുംബവും ആലപിച്ച ഗാനങ്ങള്‍ സദസ്യര്‍ ഒന്നടങ്കം ആസ്വദിച്ചു.

ആല്‍വിന്‍ മാത്യു, കല്‍പ്പി കുരുവിള എന്നിവര്‍ പരിപാടിയുടെ അവതാരകരായി പ്രവര്‍ത്തിച്ചു. സുരേഷ് ഐപ്പ്, ജോണ്‍സണ്‍ തോമസ്, മനു ജോണ്‍ തുടങ്ങിവയര്‍ക്കൊപ്പം യുവജനപ്രസ്ഥാനത്തിലെ നിരവധി അംഗങ്ങള്‍ വിവിധ കമ്മറ്റികളിലായി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കേരളത്തിലും ഡാലസ്സ് ഫോര്‍ട്ട്വര്‍ത്തിലുമുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ധനഹായം നല്‍കുക എന്ന ലക്ഷ്യബോധത്തോടു കൂടിയാണ് 'വിന്റര്‍ഫെസ്റ'് ' എന്ന കലാസന്ധ്യയും ബാങ്ക്വറ്റും യുവജനപ്രസ്ഥാനം സംഘടിപ്പിച്ചത്.

മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം ലേ അഡ്വൈസര്‍ സജി ജോര്‍ജ് സ്വാഗതവും, യുവജനപ്രസ്ഥാനം സെക്രട്ടറി പ്രസാദ് മാത്യു നന്ദിയും പറഞ്ഞു.വിഭവസമൃദ്ധമായ വിരുന്നോടെ സംഗീത നൃത്ത കുടുംബകലാസന്ധ്യയ്ക്ക് സമാപ്തിയായി.

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്