ഷിക്കാഗോ സെന്റ് മേരീസില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്കാരവും ആഘോഷിച്ചു
Wednesday, January 27, 2016 10:02 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജനുവരി 18, 19, 20 തീയതികളില്‍ നടന്ന മൂന്നു നോമ്പാചരണവും പുറത്തു നമസ്കാരവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

നോമ്പാചരണത്തിന്റെ സമാപന ദിവസമായ ജനുവരി 20ന് ഇടവക വികാരി ഫാ. തോമസ് മുളനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയെത്തുടര്‍ന്ന് മയാമി സെന്റ് ജൂഡ് പളളി വികാരി ഫാ. സുനി പടിഞ്ഞാറെക്കരയുടെ മുഖ്യ കാര്‍മികത്വത്തിലാണു പുറത്തു നമസ്കാരം നടന്നത്.

ഷിക്കാഗോ മലങ്കര പളളി വികാരി ഫാ. ബാബു മടത്തിപ്പറമ്പില്‍, സെന്റ് മേരീസ് പളളി അസിസ്റന്റ് വികാരി ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഞാറവേലില്‍ ജോസും ടെസിയും പ്രസുദേന്തിമാരായിരുന്നു. ഇടദിവസമായിരുന്നിട്ടുപോലും വളരെയധികം ആളുകള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുകയും പ്രത്യേകം തയാറാക്കിയ കുരിശിന്റെ ചുവട്ടില്‍ ചുറ്റുവിളക്ക് കത്തിച്ച് എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. മത്തച്ചന്‍ ചെമ്മാച്ചേല്‍, ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, സിസ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍