മേരി തോമസിനും സൌജന്‍ കുര്യനും പിന്തുണയുമായി ഫോമ
Wednesday, January 27, 2016 10:02 AM IST
സൌത്ത് ഫ്ളോറിഡ: നവംബറില്‍ നടക്കുന്ന യുഎസ് പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുളള പ്രൈമറി ഇലക്ഷനില്‍ ഫ്ളോറിഡയിലെ മലയാളി സാന്നിധ്യങ്ങളായ മേരി തോമസിനും സാജന്‍ കുര്യനും ഫോമ ദേശീയ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

യുഎസ് ദേശീയ രാഷ്ട്രീയത്തില്‍ മലയാളി സമൂഹത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ ഫോമ എന്ന പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ് വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ പറഞ്ഞു.

ഫ്ളോറിഡയിലുടനീളമുളള എട്ട് അംഗ സംഘടനകളോടും സ്ക്വാഡുകള്‍ രൂപീകരിച്ച് കാമ്പയിന്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഫോമ നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്തോറും ഏറെ വിജയ പ്രതീക്ഷയോടെയാണ് ഇരു സ്ഥാനാര്‍ഥികളും മുന്നോട്ടു പോകുന്നത്. മേരി തോമസ് റിപ്പബ്ളിക്കന്‍ പ്രതിനിധിയായി യുഎസ് കോണ്‍ഗ്രസിലേക്കും സാജന്‍ കുര്യന്‍ ഫ്ളോറിഡ സ്റേറ്റ് റെപ്രസന്റേറ്റീവുമായാണു മത്സരരംഗത്തുളളത്.

ഫ്ളോറിഡ സെക്കന്‍ഡ് ഡിസ്ട്രിക്ടിലേക്കു മത്സരിക്കുന്ന മേരി തോമസ് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഗവര്‍ണര്‍ റിക്ക് സ്കോട്ടിന്റെ ഭരണ നിര്‍വഹണ ഉപദേശക സമിതിയില്‍ അംഗമായ മേരി തോമസിനു ഇതിനകം തന്നെ വന്‍ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നാളിതുവരെ യുഎസ് കോണ്‍ഗ്രസിലേക്ക് മൂന്നു പുരുഷ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് വിജയം നേടാന്‍ സാധിച്ചിട്ടുളളൂ. മേരി തോമസ് വിജയിച്ചാല്‍ യുഎസ് കോണ്‍ഗ്രസിലേക്കുളള ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ വനിതാ പ്രാതിനിധ്യം എന്ന ചരിത്ര സംഭവത്തിനും വഴി തെളിയും.

ഫ്ളോറിഡ സ്റേറ്റ് റെപ്രസന്റേറ്റീവായി ബ്രോവേര്‍ഡ് കൌണ്ടി ഡിസ്ട്രിക്ട് 92-ലേക്ക് ഡെമോക്രാറ്റീവ് സ്ഥാനാര്‍ഥിയാണു സാജന്‍ കുര്യന്‍ മത്സര രംഗത്തുളളത്. അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്റേറ്റ് റെപ്രസെന്റേറ്റീവ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്നത്. സ്വാതന്ത്യ്രസമര സേനാനിയും എഐസിസി അംഗവുമായിരുന്ന പിതാവ് കുര്യന്‍ ഫ്രാന്‍സിസ് (മോഹന്‍ നായര്‍) ന്റെ പാതകള്‍ പിന്തുടര്‍ന്നാണ് സാജന്‍ കുര്യന്‍ അമേരിക്കന്‍ രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്നത്. മികച്ച വാഗ്മിയും, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായി സാജന്‍ കുര്യനും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്