ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം കുറയ്ക്കണം: തൊഴില്‍ മന്ത്രി
Wednesday, January 27, 2016 10:02 AM IST
ദമാം: സൌദിയിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം കുറയ്ക്കണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ടതായി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ ഹഖ്നി സൌദി ശൂറാ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണു നടപടി.

2011ല്‍ ഏഴു ലക്ഷമായിരുന്നു സ്വകാര്യമേഖലയില്‍ സൌദിയിലെ സ്വദേശികളുടെ എണ്ണം. എന്നാല്‍, നിതാഖാത്ത് വ്യവസ്ഥ പ്രകാരം കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ സ്വദേശികളുടെ എണ്ണം 17 ലക്ഷമായി ഉയര്‍ന്നതായി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ ഹഖ്നി ശൂറാ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

ചെറുകിട സഥാപനങ്ങളില്‍ സ്വദേശി യുവാക്കളെ ജോലിക്കുവയ്ക്കുന്നതിനു നല്ല പരിശീലനം ആവശ്യമാണ്. വിദേശികളോടാണ് ഇവര്‍ക്കു മത്സരിക്കേണ്ടി വരിക.

അതിനാല്‍ സൌദി തൊഴില്‍ വിപണിക്കനുസരിച്ച് സ്വദേശികളെ വിവിധ ജോലികളില്‍ പരിശീലിപ്പിച്ചു വരുകയാണെന്നു മന്ത്രി പറഞ്ഞു.

നാലു വര്‍ഷം മുമ്പ് സ്വകാര്യമേഖലയില്‍ അന്‍പതിനായിരം മാത്രമായിരുന്ന സ്വദേശി വനിതകളുടെ എണ്ണം 2015ല്‍ 4,77,000 ആയി ഉയര്‍ന്നതായും തൊഴില്‍ മന്ത്രി ശൂറാ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം