തിങ്ക് ഫെസ്റ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
Monday, January 25, 2016 10:21 AM IST
ഫിലഡല്‍ഫിയ: ഓര്‍മ തിങ്ക് ഫെസ്റ് രണ്ടാംഘട്ടം ഉദ്ഘാടനം അസിസ്റന്റ് ഡിസ്ട്രിക്ട് അറ്റേണി ജോവിന്‍ ജോസ് ആറ്റുപുറം നിര്‍വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ ന്യൂ ജനറേഷനെ പ്രോത്സാഹിപ്പിക്കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ ജോവിന്‍ ആറ്റുപുറം കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നു ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍ ഓര്‍മ യൂത്ത് ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

ബക്സ് കൌണ്ടി അസ്സിസ്റന്റ് ഡിസ്ട്രിക്ട് അറ്റേണി ജോവിന്‍ ജോസ് ആറ്റുപുറം 27-ാമത്തെ വയസില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ്. അമേരിക്കന്‍ മലയാള യുവതലമുറക്ക് മാതൃകാപരമായ പ്രചോദനം എന്ന നിലയില്‍ ജോവിന്റെ പഠനവും കരിയറും ശ്രദ്ധ നേടുന്നു.  വൈഡ്നര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍നിന്ന് ജൂറിസ് ഡോക്ടര്‍ നിയമ ബിരുദം ഉന്നത ഓണര്‍ (സുമ്മ കം ലൌഡേ) ഗ്രേഡോടെയാണ് ജോവിന്‍ ജോസ് നേടിയിരുന്നത്. നിശിതവും സമര്‍ഥവുമായ അഭിഭാഷക വാദങ്ങളിലൂടെ കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ട്, അനവധി കുപ്രസിദ്ധ കുറ്റവാളികളെ, അവരര്‍ഹിക്കുന്ന തിരുത്തല്‍ ശിക്ഷണത്തിന് വിധേയരാക്കുന്ന ഉത്തരവുകള്‍ നേടുന്നതിനു ജോവിക്കു കഴിഞ്ഞു. അനവധി പോലീസ് ഉദ്യോഗസ്ഥരും നിയമജ്ഞനും ജോവിന്റെ സൌഹൃദം തേടുന്നൂ എന്നത് മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ യുവ നേട്ടമായി മാതൃകയാണ്.

അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന തലമുറകള്‍ തമ്മിലുള്ള അകല്‍ച്ച കുറയാനെന്തു ചെയ്യണം എന്ന വിഷയത്തില്‍ ഓര്‍മ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായിലും നമ്മുടെ സമൂഹത്തിന്റെ മെച്ചമായ ഭാവിക്ക് അമേരിക്കയിലെ മലയാള വനിതകളുടെ പങ്ക് എന്ന വിഷയം ആസ്പദമാക്കി ഫൊക്കാന പെന്‍സില്‍വേനിയ റീജണ്‍ വനിതാ സമിതി ജനറല്‍ സെക്രട്ടറി സെലിന്‍ ഓലിക്കലും സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍